സ്കോട്ടിഷ് ഫൈറ്റ്

ആന്റിഗ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലേക്കുള്ള വഴി തുറന്ന് സ്കോട്ലൻഡ്. ഗ്രൂപ്പ് ബിയിൽ സ്കോട്ലൻഡ് ഏഴ് വിക്കറ്റിന് ഒമാനെ തോൽപ്പിച്ചു. സ്കോട്ടിഷ് ടീമിന്റെ രണ്ടാം ജയമാണ്. ഇംഗ്ലണ്ടിന് എതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതിനാൽ പോയിന്റ് പങ്കുവച്ചിരുന്നു. ഇതോടെ അഞ്ച് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് സ്കോട്ലൻഡ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഒമാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സ് നേടി. 13.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സ്കോട്ലൻഡ് ജയമാഘോഷിച്ചു. 31 പന്തിൽ 61 റണ്‍സുമായി പുറത്താകാതെനിന്ന ബ്രണ്ടൻ മക്മുള്ളനാണ് സ്കോട്ലൻഡിനെ ജയത്തിലെത്തിച്ചത്. പ്ലെയർ ഓഫ് ദ മാച്ചും മക്മുള്ളനാണ്. ഓപ്പണർ ജോർജ് മുൻസി 20 പന്തിൽ 41 റണ്‍സ് നേടി. പ്രതീക് അത്താവലെയായിരുന്നു (40 പന്തിൽ 54) ഒമാന്റെ ടോപ് സ്കോറർ.
Source link