ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളുടെ സൂപ്പർ എട്ട് പ്രവേശം തുലാസിൽ. ഗ്രൂപ്പ് എയിൽ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ടതോടെയാണ് പാക്കിസ്ഥാന്റെ സൂപ്പർ എട്ട് പ്രവേശം വിഷമഘട്ടത്തിലായത്. രണ്ട് ജയം വീതം നേടി ഇന്ത്യയും അമേരിക്കയും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനത്തോടെ സൂപ്പർ എട്ടിലേക്കുള്ള യാത്രയിലാണ്. ഇന്ത്യ, അമേരിക്ക ടീമുകൾക്ക് ശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ. ഇതിൽ ഒരു ടീം രണ്ട് തോൽവി വഴങ്ങുകയും പാക്കിസ്ഥാൻ ശേഷിക്കുന്ന രണ്ട് മത്സരത്തിലും വൻ ജയം നേടുകയും ചെയ്താൽ അവർക്ക് സൂപ്പർ എട്ടിൽ പ്രവേശിക്കാം. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരം കഴിഞ്ഞ ഇംഗ്ലണ്ടിന് മഴയിൽ കളി മുടങ്ങിയപ്പോൾ ലഭിച്ച ഒരു പോയിന്റ് മാത്രമാണുള്ളത്. എന്നാൽ, മൂന്ന് മത്സരങ്ങളിൽ രണ്ട് ജയം ഉൾപ്പെടെ അഞ്ച് പോയിന്റുമായി സ്കോട്ലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുള്ള ഓസ്ട്രേലിയയാണ് രണ്ടാമത്. ഓസ്ട്രേലിയയും സ്കോട്ലൻഡും ശേഷിക്കുന്ന മത്സരങ്ങളിൽ പരാജയപ്പെടുകയും ഇംഗ്ലണ്ട് രണ്ട് വൻ ജയം നേടുകയും ചെയ്താലേ അവർക്കും സൂപ്പർ എട്ട് സാധ്യതയുള്ളൂ. ഗ്രൂപ്പ് ഡിയിൽ രണ്ട് തോൽവിയുമായി ശ്രീലങ്ക ഏറ്റവും പിന്നിലാണ്. അതുപോലെ കളിച്ച ഒരു മത്സരത്തിൽ പരാജയപ്പെട്ട ന്യൂസിലൻഡ് ഗ്രൂപ്പ് സിയിലും അവസാന സ്ഥാനക്കാരാണ്. മറ്റു ടീമുകൾ പരാജയപ്പെടുന്നതിനൊപ്പം വൻജയങ്ങളിലൂടെ മാത്രമേ ലങ്കയ്ക്കും ന്യൂസിലൻഡിനും സൂപ്പർ എട്ട് സാധ്യതയുള്ളൂ എന്നതാണ് വാസ്തവം.
Source link