പാരീസ്: ഫ്രാൻസിൽ അപ്രതീക്ഷിത നടപടിയുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടികൾക്കു ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ അപ്രതീക്ഷിത നടപടി. പാരീസ് ഒളിമ്പിക്സിനു മുൻപ് രണ്ട് ഘട്ടമായാണു തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മാക്രോൺ അറിയിച്ചു. ആദ്യ ഘട്ടം ജൂൺ 30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കും. എക്സിറ്റ് പോൾ ഫലങ്ങൾ വന്ന് ഒരു മണിക്കൂറിനുള്ളില്‍, മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ നാഷണൽ റാലിയുടെ യുവ നേതാവ് ജോർദാൻ ബാർഡല്ല പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വെല്ലുവിളിച്ചതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ നടപടി. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങൾ പറയുന്നത്. പ്രസിഡന്റായി രണ്ടാം ടേമില്‍, രണ്ട് വർഷം മാത്രം തികയുന്ന മാക്രോണിന് നിലവില്‍ ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷമില്ല. ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് മാക്രോണിന്റെ പ്രസിഡന്റ് സ്ഥാനത്തെ ബാധിക്കില്ല. ഒളിമ്പിക്സിന് തൊട്ടുമുൻപ് തെരഞ്ഞെടുപ്പ് നടത്താനുള്ള മാക്രോണിന്റെ തീരുമാനത്തിൽ പാരീസ് മേയർ അതിശയം പ്രകടിപ്പിച്ചു. തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് മേയർ ആനി ഹിഡാൽഗോ പറഞ്ഞു.
Source link