കോറാളി കാവേരികുളത്ത് ശാരദാമഠത്തിന് ശിലാന്യാസം

ചെറുപുഴ(കണ്ണൂർ): ശിവഗിരിമഠത്തിന്റെ കീഴിലുള്ള കണ്ണൂർ ചെറുപുഴ പഞ്ചായത്തിൽ തിരുമേനി കോറാളി കാവേരികുളത്ത് പുതിയതായി നിർമ്മിക്കുന്ന ശാരദാമഠത്തിന്റെ പാദുക ശിലാന്യാസ കർമ്മം ഇന്നലെരാവിലെ 10.35നും 11.00നും മദ്ധ്യേ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ നിർവ്വഹിച്ചു.
മലബാറിലെ മരുത്വാമലയെന്ന അറിയപ്പെടുന്ന സ്ഥലത്ത് ശാരദാമഠം സ്ഥാപിക്കുന്നതിനുള്ള ശിലാന്യാസ കർമ്മത്തിൽ കാവേരികുളം പ്രദേശവാസികളും ഗുരുദേവ വിശ്വാസികളും ഗുരുദേവനാൽ പ്രതിഷ്ഠിതമായ മലബാറിലെ ക്ഷേത്ര ഭാരവാഹികളും ഉൾപ്പെടെ നൂറു കണക്കിനാളുകൾ പങ്കെടുത്തു.രാവിലെ 6ന് ഗുരുപൂജ, ശാന്തിഹവനം, ശാരദാപൂജ, ആചാര്യ വരവേൽപ്പ് എന്നിവ നടന്നു. സർവ്വമത സമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം നിർവ്വഹിച്ചു. പോത്താങ്കണ്ടം, ആനന്ദഭവനം സ്വാമി കൃഷ്ണാനന്ദ ഭാരതി അനുഗ്രഹപ്രഭാഷണം നടത്തി. സി.എച്ച്. മുസ്തഫ മൗലവി, ഫാ. ജിതിൻ ചിന്താർ മണിയിൽ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ഡർ, സ്വാമി വിശാലാനന്ദ, സ്വാമി സാധുവിനോദ്, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി പ്രബോധ തീർത്ഥ, സ്വാമി സുരേശ്വരാനന്ദ, ടി.വി. വാസുമിത്രൻ എൻജിനീയർ, സ്വാമി ശിവനാരായണ തീർത്ഥ, ദാമോദരൻ, എം.എസ്. പ്രസാദ്, സുനിൽ പേപ്പതിയിൽ എന്നിവർ പ്രസംഗിച്ചു.
Source link