‘മന്ത്രിസ്ഥാനം രാജിവയ്‌ക്കുന്നത് അജണ്ടയിലേ ഇല്ല, വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരള വികസനത്തിനായി രൂപരേഖ തയ്യാറാക്കും’

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്‌ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്ന് സുരേഷ് ഗോപി. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
‘പുറത്തുവരുന്ന വാർത്തകൾ ശരിയല്ല. എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകും. സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് സിനിമകൾ ചെയ്‌ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ രാജി വയ്‌ക്കുന്നത് അജണ്ടയിലേ ഇല്ല ‘, സുരേഷ് ഗോപി പറഞ്ഞു.
സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ തന്നെ പരാമർശിക്കാറുണ്ട് സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന്. അതിൽ അതൃപ്‌തിയുണ്ടെങ്കിൽ സത്യപ്രതിജ്ഞയ്‌ക്ക് പോകാതിരിക്കേണ്ടതാണ്. അത്തരത്തിലാണ് എൻസിപി നേതാക്കളായ അജിത് പവാറും, പ്രഫുൽ പട്ടേലും ചെയ്‌തത്. എന്നാൽ, ഏത് വകുപ്പ് ലഭിക്കും എന്ന കാര്യത്തിൽ പിന്നീടേ അറിയാൻ സാധിക്കുകയുള്ളു.
തൃശൂരിൽ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്നാണ് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങൾ സൂചന നൽകി എന്നായിരുന്നു വിവരം. പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാലോളം സിനിമകൾക്ക് ഡേറ്റ് നൽകിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നായിരുന്നു വിവരം. എന്നാൽ മന്ത്രിസ്ഥാനം സിനിമാ അഭിനയത്തിനായി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹത്തോട് അടുത്ത ചില വൃത്തങ്ങൾ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
‘താമസിയാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത‌്നിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമ ചെയ്‌തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എം.പിയെന്ന നിലയിൽ മികച്ച പ്രകടനം തൃശൂരിൽ കാഴ്‌ചവയ്‌ക്കും. കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്നായിരുന്നു നിലപാട് ‘ എന്ന് ഒരു മാദ്ധ്യമത്തോട് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഇന്നറിയും. സുരേഷ് ഗോപിയ്‌ക്ക് സാംസ്‌കാരിക വകുപ്പ് നൽകിയേക്കുമെന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്.
വിജയത്തിന് ശേഷം ഡൽഹിയിലെത്തി മോദിയെ കണ്ട സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയിൽ സീറ്റുറപ്പിച്ചിരുന്നു. ഔദ്യോഗിക അറിയിപ്പും വിവരങ്ങളും പിന്നാലെ ലഭിക്കുമെന്നും കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. എന്നാൽ പദ്മനാഭസ്വാമി ക്ഷേത്ര ദർശനം ഉൾപ്പെടെ പൂർത്തിയാക്കാനായി സുരേഷ് ഗോപി ശനിയാഴ്ച ഡൽഹിയിൽ നിന്ന് തലസ്ഥാനത്തെത്തിയിരുന്നു. ഇന്നലെ രാവിലെ തന്നെ തലസ്ഥാനത്ത് നിന്ന് പുറപ്പെടുമെന്നായിരുന്നു വിവരം. ഇതിനായി പുലർച്ചെ മുതൽ മാദ്ധ്യമങ്ങൾ ശാസ്തമംഗലത്തെ വീട്ടിലും വിമാനത്താവളത്തിലും നിലയുറപ്പിച്ചു. രാവിലെ 6.10നുള്ള എയർഇന്ത്യ ഫ്‌ളൈറ്റിൽ മൂന്ന് ടിക്കറ്റ് അദ്ദേഹം ബ്ലോക്ക് ചെയ്തിരുന്നു.
എന്നാൽ, ഇന്നലെ പുലർച്ചെ വരെയും ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ രാവിലെ പുറപ്പെട്ടിരുന്നില്ല. ഇതോടെ സുരേഷ് ഗോപി ആദ്യഘട്ടത്തിൽ മന്ത്രിയാകാനിടയില്ലെന്ന അഭ്യൂഹം ചാനലുകളിൽ പ്രചരിച്ചു. ചാനൽ ക്യാമറകളെല്ലാം ശാസ്തമംഗലത്തെ വീടിനകത്തേക്ക് കണ്ണും നട്ട് നിൽപ്പായി. രാവിലെ 10നുശേഷം നരേന്ദ്രമോദിയുടെ വിളിയെത്തി. പിന്നാലെ 12.30ന് ബംഗളൂരുവിലേക്കുള്ള വിസ്താര ഫ്‌ളൈറ്റിൽ മൂന്നു ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്ന അറിയിപ്പും ഡൽഹിയിൽ നിന്നെത്തി.
ഉടൻ വീട്ടിൽ നിന്നും ബാഗുകൾ ഉൾപ്പെടെ കാറിലേക്ക് കയറ്റാൻ തുടങ്ങി. 11.10ന് സുരേഷ് ഗോപി ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പം പുറത്തേക്ക്. കാറിൽ കയറുന്നതിന് മുമ്പും വിമാനത്താവളത്തിൽ വച്ചും മാദ്ധ്യമങ്ങളോട് സംസാരിച്ചു. ബംഗളൂരുവിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്കും പുറപ്പെട്ടു. മക്കൾ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കും യാത്ര തിരിച്ചു.
Source link