മദ്യനയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്റെ കത്ത്

തിരുവനന്തപുരം: 15-ാം നിയമസഭയുടെ 11-ാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. സഭയിൽ മദ്യനയവുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം ഉന്നയിച്ചു. റോജി എം ജോൺ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മദ്യനയം അട്ടിമറിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസം മന്ത്രി എന്തിന് മദ്യനയത്തെക്കുറിച്ച് യോഗം നടത്തുന്നുവെന്നും റോജി എം ജോൺ ചോദിച്ചു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും കത്ത് നൽകി. അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്‌പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായിരുന്നില്ല.

ചോദ്യാത്തരവേളയോടെയാണ് സഭാസമ്മേളനത്തിന് തുടക്കമായത്. ഫോട്ടോസെഷൻ ചിത്രീകരിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ നിയമസഭയിൽ ചോദ്യോത്തരവേള കഴിഞ്ഞാണ് ഫോട്ടോസെഷൻ. ഇതിന്റെ ചിത്രങ്ങളും വീ‌ഡിയോകളും എടുക്കാൻ മാദ്ധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്‌പീക്കറുടെ ഓഫീസിൽ നിന്ന് അറിയിക്കുകയായിരുന്നു.

ഇന്ന് മുതൽ ജൂലായ് 25 വരെയാണ് സഭ ചേരുക. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലുകൾ ഇന്ന് അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടും. മദ്യനയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് എക്‌സൈസ് – ടൂറിസം മന്ത്രിമാർ, ഉദ്യോഗസ്ഥർ, ബാർ ഉടമകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസിന് വി ഡി സതീശൻ കത്ത് നൽകിയത്. മദ്യനയഭേദഗതി അജണ്ടയാക്കി കഴിഞ്ഞ മാസം 21ന് ബാർ ഉടമകളുടെ യോഗം ടൂറിസം വകുപ്പ് ഓൺലൈനായി വിളിച്ച് ചേർത്തത് ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Source link

Exit mobile version