KERALAMLATEST NEWS

സുരേഷ് ഗോപിയെ വിടാതെ മോദി, സിനിമ പൂർത്തിയാക്കിയാൽ കാബിനറ്റ് പദവി?; താരത്തിന്റെ കെെയിലുള്ളത് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങൾ

തിരുവനന്തപുരം: സിനിമാ തിരക്കുകൾ പറഞ്ഞിട്ടും സുരേഷ് ഗോപിയെ വിടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാനമാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നിലവിൽ നാല് സിനിമകൾക്ക് സുരേഷ് ഗോപി സമ്മതം പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇവ പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കാമെന്നും ഡൽഹിയിലേക്ക് ഉടൻ സത്യപ്രതിജ്ഞ്ക്കായി പുറപ്പെടാനും ഇന്നലെ മോദി, സുരേഷ്ഗോപിയോട് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

നാല് സിനിമകളാണ് നിലവിൽ സുരേഷ് ഗോപി ഏറ്റിരിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമയാണ് ഇതിൽ ആദ്യം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം നീട്ടിവച്ചു. ഏതാണ്ട് നാല് മാസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെത്. ഗോകുലം ഗോപാലൻ നി‌ർമിക്കുന്ന 70 കോടി ബഡ്ജറ്റുള്ള പാൻ ഇന്ത്യൻ സിനിമയാണ് രണ്ടാമത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

‘ചിന്താമണി കൊലക്കേസ്’ എന്ന സൂപ്പ‌ർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപി ഏറ്റിരിക്കുന്ന മൂന്നാമത്തെ ചിത്രം. ‘എൽകെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കെെലാസ് തന്നെയാണ്. നാലാമത്തെ ചിത്രം ഒരു പൊലീസ് സ്റ്റോറിയാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഇതേത്തുടർന്ന് അദ്ദേഹം മന്ത്രി സ്ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത് തള്ളി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്‌ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

‘പുറത്തുവരുന്ന വാർത്തകൾ ശരിയല്ല. എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകും. സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് സിനിമകൾ ചെയ്‌ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ രാജി വയ്‌ക്കുന്നത് അജണ്ടയിലേ ഇല്ല ‘, സുരേഷ് ഗോപി പറഞ്ഞു.


Source link

Related Articles

Back to top button