മന്ത്രിസ്ഥാനം വേണ്ടെന്നു വയ്ക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിക്കുന്ന ആ 4 സിനിമകൾ ! four-movies-suresh-gopi-wanted-to-quits-ministry
മന്ത്രിസ്ഥാനം വേണ്ടെന്നു വയ്ക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിക്കുന്ന ആ 4 സിനിമകൾ !
മനോരമ ലേഖിക
Published: June 10 , 2024 10:12 AM IST
1 minute Read
കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയെ ആ സ്ഥാനം ഒഴിയാൻ പ്രേരിപ്പിക്കുന്നത് നാലു സിനിമകളാണ്. കരിയറിലെ മോശം കാലത്തിനു ശേഷം തുടർച്ചയായ ഹിറ്റുകളുമായി കളം നിറഞ്ഞു നിൽക്കുന്ന താരത്തിന് മുഴുവൻ സമയ രാഷ്ട്രീയക്കാരനാകാൻ പദ്ധതിയില്ല. തന്റെ വരുമാനമാർഗം സിനിമയാണെന്നും അതു തുടരുമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപി ഇനി ചെയ്യാനിരിക്കുന്നത് നാലു ചിത്രങ്ങളാണ്.
മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമയാണ് ഈ നാലെണ്ണത്തിൽ ആദ്യത്തേത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിലിൽ ഷൂട്ടിങ് ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം നീണ്ടു പോകുകയായിരുന്നു. സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ഏതാണ്ട് നാലു മാസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റേത്.
ഗോകുലം ഗോപാലൻ നിർമിക്കുന്ന 70 കോടി ബജറ്റുള്ള പാൻ ഇന്ത്യൻ സിനിമയാണ് അടുത്തത്. പത്മനാഭ സ്വാമിക്ക് ആദരമായൊരുക്കുന്ന ചിത്രത്തിന്റെ ബാക്കി വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗോകുലം തന്നെ നിർമിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് പീരിയോഡിക് സിനിമയ്ക്കു ശേഷമാകും ഈ സിനിമ ആരംഭിക്കുക. ‘ചിന്താമണി കൊലക്കേസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപി ഏറ്റിരിക്കുന്ന മൂന്നാമത്തെ ചിത്രം. ‘എൽകെ’ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ്. താരം ചെയ്യാമെന്നേറ്റിരിക്കുന്ന നാലാമത്തെ സിനിമയും സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. ഒരു പൊലീസ് സ്റ്റോറിയാണ് ഇതെന്നാണ് സൂചന.
ഗോകുലം ഗോപാലന്റെ മറ്റു രണ്ടു സിനിമകൾ കൂടിയുണ്ടെന്നാണ് വിവരമെങ്കിലും അതു സംബന്ധിച്ച് ഉറപ്പുകളൊന്നും സുരേഷ് ഗോപി നൽകിയിട്ടില്ല. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ചിത്രീകരണം പൂർത്തിയായ രണ്ട് സിനിമകൾ. ആദ്യം മന്ത്രിയാകേണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ തീരുമാനമെങ്കിലും സിനിമയ്ക്കായി മന്ത്രിസ്ഥാനം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ലെന്നു അടുപ്പക്കാർ ഉപദേശിച്ചു. പിന്നീട് മനസ്സു മാറിയ താരത്തിന് ലഭിച്ചതാകട്ടെ സഹമന്ത്രിസ്ഥാനമാണ്. അതോടെയാണ് കമ്മിറ്റ് ചെയ്ത നാലു സിനിമകൾ തന്നെയാണ് പ്രധാനമെന്ന് സുരേഷ് ഗോപി തീരുമാനിക്കുന്നത്.
English Summary:
Suresh Gopi, who was sworn in as Union Minister of State, is forced to vacate the post by four films.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-movie-titles mo-entertainment-common-malayalammovienews mo-entertainment-movie 50pgred3ug00gkhho0cags7hhd f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sureshgopi
Source link