തൃശൂരിലെ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയത്തോടെ നടൻ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ അംഗമാകുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെത്തുടർന്ന് സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. കേരളത്തിൽ ആദ്യമായി താമര വിരിയിച്ചതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് ചിലപ്പോൾ കാബിനറ്റ് പദവി ലഭിച്ചേക്കാനുള്ള സാദ്ധ്യതയുമുണ്ട്.
സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും സന്തോഷത്തിലാണ്. ഈ അവസരത്തിൽ കോളേജ് പഠനകാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സഹപാഠി ഇന്നസെന്റ്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സുരേഷ് ഗോപി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1975-80 കാലഘട്ടങ്ങളിലാണ് സുരേഷ് ഫാത്തിമ മാതാ കോളേജിൽ പഠിച്ചത്. പ്രീ ഡിഗ്രീ കാലം മുതൽ ഒരു മെഡിസിൻ ഔട്ട്ലുക്കിലാണ് സുരേഷ് ഗോപി പോയതെന്ന് സുഹൃത്ത് ഇന്നസെന്റ് പറയുന്നു.
‘സിനിമയൊക്കെ കാണാൻ കറങ്ങി നടന്നാലും രാത്രി വന്നുള്ള കംപയിൻ സ്റ്റഡിയിൽ പങ്കെടുക്കും. ഞങ്ങളുടെയൊക്കെ മാസ്റ്ററായിരുന്നു സുരേഷ്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയാം’- ഇന്നസെന്റ് പറഞ്ഞു. സുരേഷ് ഗോപിയുടെ പഴയ കാല ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും സുരേഷ് ഗോപിയും ഒരുമിച്ച് ഒരു ക്ലാസിൽ പഠിച്ചതാണെന്നും അദ്ദഹം പറഞ്ഞു. എൻകെ പ്രേമചന്ദ്രനുമായുള്ള ക്ലാസ് ഫോട്ടോയും കയ്യിലുണ്ട്.
സുരേഷ് ഗോപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഈ കോളേജിൽ വച്ചാണ്. അന്ന് സുവോളജി അസോസിയേഷൻ സെക്രട്ടറിയായാണ് സുരേഷ് ഗോപി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് മത്സരിച്ച് കോളേജിൽ നിന്ന് ജയിച്ചു. പിന്നീട് സുരേഷ് ഗോപി സിനമയോടുള്ള ഇഷ്ടം കൊണ്ട് ആ വഴി തിരഞ്ഞെടുത്തു. എൻകെ പ്രേമചന്ദ്രൻ എൽഎൽബി കഴിഞ്ഞതിന് ശേഷം രാഷ്ട്രീയത്തിലേക്ക് കടന്നു. ലോലമായ മനസിന്റെ ഉടമയാണ് സുരേഷ് ഗോപിയെന്ന് ഇന്നസെന്റ് ഓർത്തെടുക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഫോണിൽ വിളിച്ചെന്നും അഭിനന്ദനം അറിയിച്ചെന്നും അദ്ദേഹം പറയുന്നു.
Source link