KERALAMLATEST NEWS

നിങ്ങളുടെ ഫോണിൽ വരുന്ന ഇത്തരം കാളുകൾക്ക് ഒരു രൂപ പോലും കൊടുക്കരുത്; മലയാളികൾക്ക് മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എൻ‌ഫോഴ്സ്‌മെന്റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണെന്ന് കേരളാ പൊലീസ്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. ശേഷം ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുമെന്നും പൊലീസ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പൊലീസ് അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

എൻഫോഴ്സ്മെൻ്റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണ് കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങൾ സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Source link

Related Articles

Back to top button