ഡീസെന്റ് വിൻ
പ്രൊവിഡൻസ് (ഗയാന): ഐസിസി ട്വന്റി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് വെസ്റ്റ് ഇൻഡീസിനു ജയം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ വിൻഡീസ് 134 റണ്‍സിന് ഉഗാണ്ടയെ തകർത്തു. വെറും 39 റണ്‍സിന് ഉഗാണ്ടയെ എറിഞ്ഞിട്ടാണ് വെസ്റ്റ് ഇൻഡീസ് വെന്നിക്കൊടി പാറിച്ചത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 173/5 (20). ഉഗാണ്ട 39 (12). റിക്കാർഡ് നാണക്കേട് 12 ഓവറിൽ 39 റണ്‍സിന് പുറത്തായ ഉഗാണ്ട, ട്വന്റി-20 ലോകകപ്പിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോർ എന്ന നാണംകെട്ട റിക്കാർഡിൽ പങ്കാളികളായി. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം സ്കോറാണ് 39. 2014ൽ ശ്രീലങ്കയ്ക്കെതിരേ നെതർലൻഡ്സും 39 റണ്‍സിന് പുറത്തായിരുന്നു. 13 റണ്‍സ് നേടിയ ജുമ മിയാഗി മാത്രമാണ് ഉഗാണ്ടയുടെ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ലോകകപ്പ് പോരാട്ട ചരിത്രത്തിൽ ഒരു ടീമിന്റെ 10 കളിക്കാർ രണ്ടക്കം കാണാതെ പുറത്താകുന്നതും ഇത് രണ്ടാം തവണയാണ്. ചരിത്ര ജയം, നേട്ടം ട്വന്റി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ജയമാണ് ഉഗാണ്ടയ്ക്കെതിരേ നേടിയത്, 134 റണ്‍സ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയവുമാണിത്. 2007ൽ കെനിയയ്ക്കെതിരേ 172 റണ്‍സിന് ശ്രീലങ്ക നേടിയതാണ് റിക്കാർഡ് ജയം. നാല് ഓവറിൽ 11 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അകേൽ ഹൊസൈന്റെ ബൗളിംഗാണ് ഉഗാണ്ടയെ 39ന് പുറത്താക്കാൻ പ്രധാന കാരണം. ട്വന്റി-20 ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ വിൻഡീസ് ബൗളർ എന്ന നേട്ടം ഇതോടെ അകേൽ സ്വന്തമാക്കി. പ്ലെയർ ഓഫ് ദ മാച്ചും അകേലാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനു വേണ്ടി ജോണ്സണ് ചാൾസ് (42 പന്തിൽ 44), ആന്ദ്രെ റസൽ (17 പന്തിൽ 30 നോട്ടൗട്ട്), റോവ്മാൻ പവൽ (18 പന്തിൽ 23) എന്നിവർ ടോപ് സ്കോറർമാരായി.
Source link