‘സന്തോഷവും സംതൃപ്തിയും, ഡൽഹിയിലെത്തിയെന്ന് പറഞ്ഞ് വിളിച്ചു’; കേന്ദ്രമന്ത്രി സ്ഥാന വാർത്തയിൽ പ്രതികരിച്ച് ജോർജ് കുര്യന്റെ ഭാര്യ
കോട്ടയം : മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായി ജോർജ് കുര്യനെ തിരഞ്ഞെടുത്തതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരമാണെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ. മന്ത്രി സ്ഥാനം വരും പോകും. അതൊന്നും ജീവിതത്തിൽ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ജോർജ് കുര്യന്റെ പ്രവർത്തനങ്ങൾക്ക് കുടുംബം തടസം നിന്നിട്ടില്ല. പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രി സ്ഥാനം സംബന്ധിച്ച് വാർത്ത മാദ്ധ്യമങ്ങളിൽ കൂടിയാണ് അറിയുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡൽഹിയിൽ എത്തിയെന്ന് പറഞ്ഞ് ജോർജ് കുര്യൻ വിളിച്ചിരുന്നു. വേറെ ഒന്നും പറഞ്ഞിട്ടില്ല’, അന്നമ്മ വ്യക്തമാക്കി.
സന്തോഷവും സംതൃപ്തിയും ഉണ്ടെന്നും അവർ പറഞ്ഞു. ഒത്തിരിനാൾ കഷ്ടപ്പെട്ടു. സമൂഹത്തിന് സേവനം ചെയ്യുക. സ്വരാജ്യത്തെ സ്നേഹിക്കുക. ചെയ്യാവുന്നതിന്റെ മാക്സിമം അദ്ദേഹം ചെയ്തു. ഭർത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.
രാവിലെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ മന്ത്രി സ്ഥാനം സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നില്ല. മോദിയുടെ വസതിയിൽ നടന്ന ചായ സത്കാരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുൻ വൈസ് ചെയർമാനാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ബി ജെ പി മുൻ ദേശീയ ഉപാദ്ധ്യക്ഷൻ ആണ്. ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ.
Source link