കാക്കകൾ കൂട്ടത്തോടെ ചാവുന്നു; ഭീതിയിൽ പ്രദേശവാസികൾ, ജഡം പരിശോധനയ്ക്കായി അയച്ചു
ആലപ്പുഴ: പക്ഷിപ്പനി ഭീതി തുടരുന്ന മുഹമ്മയിൽ കാക്കകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പക്ഷിപ്പനിയെ തുടർന്ന് 3000ത്തിലധികം വളർത്തുപക്ഷികളെ കള്ളിംഗിന് വിധേയരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാക്കകളുടെ കൂട്ടക്കുരുതി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രദേശത്ത് വളർത്തുപക്ഷികളെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
കഞ്ഞിക്കുഴിയിൽ ചിലയിടങ്ങളിൽ കോഴികളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതും പക്ഷിപ്പനിയാണെന്ന് അഭ്യൂഹങ്ങൾക്കിടയാക്കിയിട്ടുണ്ടെങ്കിലും പരിശോധനാഫലം ലഭിച്ചാൽ മാത്രമേ സ്ഥിരീകരണമുണ്ടാകുവെന്ന് ജില്ലാമൃഗസംരക്ഷണ വിഭാഗം അറിയിച്ചു.
പക്ഷിപ്പനി നാടാകെ വ്യാപിച്ചിട്ടും ഉറവിടം കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് മൃഗസംരക്ഷണ വകുപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പക്ഷിപ്പനി മേഖലകളിൽ നിന്ന് വനം വകുപ്പ് ശേഖരിച്ച 26 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. ഇതോടെ, ഉടവിടം കണ്ടെത്താൻ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശത്ത് ചത്ത നീർപക്ഷികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അവലോകനത്തിനെത്തിയ കേന്ദ്രസംഘം മടങ്ങിയതോടെ താറാവ് കർഷകരും ആശങ്കയിലാണ്.
ഏപ്രിൽ മദ്ധ്യത്തോടെ എടത്വയിലാണ് പക്ഷിപ്പനിയുടെ തുടക്കം. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും, കുട്ടനാട്ടിലും മാവേലിക്കരയിലെ തഴക്കര, കോട്ടയം മണർകാട് എന്നിവിടങ്ങളിലും രോഗ വ്യാപനമുണ്ടായി. ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച മുഴുവൻ സാമ്പിളിലും പക്ഷിപ്പനിക്ക് കാരണമായ എച്ച് ഫൈവ് എൻ വൺ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.
ഉടവിടം കണ്ടെത്താൻ ദേശാടനപ്പക്ഷിത്താവളങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ രോഗസാന്നിദ്ധ്യം കണ്ടെത്തിയില്ല. പാടശേഖരങ്ങളിൽ താവളമടിക്കുന്ന നീർപക്ഷികൾ ജനവാസ മേഖലകളിൽ കാഷ്ഠമിടുന്നതും, ഈ പാടങ്ങളിൽ താറാവുകളെ തീറ്റയ്ക്കായി വിടുന്നതും രോഗവ്യാപനത്തിനിടയാക്കും. പക്ഷികളുടെ ജഡം 24 മണിക്കൂറിനകം ഭോപ്പാലിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചാലേ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കാനാകൂ. ഇതിനായി നാട്ടുകാരുടെയും പക്ഷിപ്രേമികളുടെയും ബേർഡ്സ് ക്ളബ്ബുകളുടെയും സഹായം തേടിയിരിക്കയാണ് മൃഗസംരക്ഷണവകുപ്പ്.
Source link