യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ജീവിതം മുഴുവനും യാത്രകൾക്കായി മാറ്റിവച്ച ഒരു പെൺകുട്ടിയുണ്ട്. സഞ്ചാരികൾക്ക് പ്രചോദനമായി മാറിയ ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. സൈക്കിളുമായി ലോകം ചുറ്റികാണാൻ ഇറങ്ങിയ ‘ബാക്പാക്കർ അരുണിമ’ ഇപ്പോഴുളളത് ആഫ്രിക്കയിലെ റുവാണ്ടയിലാണ്. റോഡരികിൽ വിശ്രമിക്കാനായി അരുണിമ സ്വന്തമായി ഒരുക്കിയ ടെൻഡിലിരുന്നാണ് കേരളകൗമുദി ഓൺലൈനോട് സംസാരിക്കുന്നത്.
എന്റെ യാത്ര
യാത്ര ആരംഭിച്ചത് സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയായിരുന്നു. പിന്നീട് യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ആരംഭിച്ചു. അപ്പോഴൊക്കെ ഒരുപാട് ആളുകൾ എനിക്ക് മെസേജ് അയക്കാറുണ്ടായിരുന്നു. ഇതൊക്കെ വലിയ പ്രചോദനമായിരുന്നു. ആ സമയത്ത് എനിക്ക് ഇനിയും ഒരുപാട് യാത്ര ചെയ്യാൻ തോന്നി. ഒരുപാട് വീഡിയോസ് പോസ്റ്റ് ചെയ്യണമെന്നും തോന്നി.
കാരണം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഈ സമൂഹത്തിലുണ്ട്. അവർക്ക് അത് സാധിക്കാൻ കഴിയാത്തതിന് ഒരുപാട് കാരണങ്ങളും കാണും. ഈ വീഡിയോകൾ അവർക്ക് പ്രചോദനമാകണം. പെൺകുട്ടികളെ മാത്രമല്ല ഉദ്ദേശിച്ചത്. ആൺകുട്ടികളെയും കൂടിയാണ്. പക്ഷെ ഇങ്ങനെയുളള സാഹചര്യങ്ങൾ നമ്മുടെ കേരളത്തിൽ കൂടുതലും നേരിടുന്നത് പെൺകുട്ടികളാണ്.
ഇന്നും നമ്മുടെ സമൂഹത്തിൽ ഒരു മേൽക്കോയ്മ നിലനിൽക്കുന്നുണ്ട്. പെൺകുട്ടികൾ എപ്പോഴും പിതാവിന്റെയോ അല്ലെങ്കിൽ സഹോദരൻമാരുടെയോ കുറച്ച് കഴിഞ്ഞാൽ ഭർത്താക്കൻമാരുടെയോ അനുവാദം വാങ്ങേണ്ട ഒരു സാഹചര്യമുണ്ട്. പണ്ട് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ഈ ഒരു കാഴ്ചപ്പാട് ഇപ്പോഴും തലമുറകൾ മാറുന്നതനുസരിച്ച് ആവർത്തിച്ച് വരുന്നുണ്ട്. നമ്മളിലൊരാൾ മാറി ചിന്തിച്ചാലേ അതിൽ മാറ്റങ്ങൾ സംഭവിക്കുകയുളളൂ.
എന്റെ വീഡിയോകൾ കണ്ട് പല പെൺകുട്ടികളും എന്നെ കാണാൻ വന്നിട്ടുണ്ട്. പല കുട്ടികളും വീട്ടുകാർക്ക് എന്റെ വീഡിയോകൾ കാണിച്ചുകൊടുക്കുകയും ഞാൻ ഒറ്റയ്ക്കാണ് യാത്ര നടത്തുന്നതെന്നും സുരക്ഷിതയാണെന്ന് പറയുകയും ചെയ്ത് അവരെ മനസിലാക്കുന്നു. എന്നാൽ തനിക്കും സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാമല്ലോയെന്ന് അവർ മാതാപിതാക്കളോട് ചോദിക്കുന്നു.
യാത്രകൾ ചെയ്യുന്ന സമയത്ത് നമുക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും. നമ്മൾ ഒരു സമൂഹത്തിൽ നിലനിൽക്കുമ്പോൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ നമുക്ക് അറിവുണ്ടാകുകയുളളൂ. എന്നാൽ ജില്ല വിട്ട് മറ്റൊരു ജില്ലയിലേക്കോ സംസ്ഥാനങ്ങളിലേക്കോ അല്ലെങ്കിൽ രാജ്യങ്ങളിലേക്കോ പോകുമ്പോൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കാം. സമൂഹം ഇതാണ് ശരിയെന്ന് പറയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ. അതിനെ ഇങ്ങനെയും കാണാം എന്ന് മനസിലാകും. പല രാജ്യങ്ങളിലുളളവരുടെ ജീവിതരീതികളിൽ നെഗറ്റീവും കാണും പോസിറ്റീവും കാണും. നെഗറ്റീവിനെ അവഗണിച്ചിട്ട് പോസിറ്റീവിനെ സ്വീകരിക്കാൻ പഠിക്കണം.
സുഹൃത്തുക്കളുടെ എണ്ണം കൂടി
യാത്രയുടെ തുടക്കത്തിൽ ‘ഹിച്ച് ഹൈക്കിംഗ്’ രീതി തുടർന്നത് കൈയിൽ പൈസ കുറവായതുകൊണ്ടാണ്. പിന്നീട് അതൊരു ഹരമായി. അതിൽ നിന്നും കിട്ടിയ അനുഭവം മറ്റെവിടെയും കിട്ടിയിട്ടില്ല. കാരണം റോഡിലൂടെ കടന്നുപോകുന്ന ഒരു വാഹനത്തിന് കൈകാണിക്കുമ്പോൾ യാതൊരു മുൻപരിചയവുമില്ലാത്തയാളായിരിക്കും വാഹനങ്ങൾ നിർത്തുന്നത്. അപ്പോൾ അവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്നും സഹായം ചെയ്യാൻ മനസ് കാണിക്കുകയും ചെയ്യുന്നുണ്ടെന്നും മനസിലാകും.
അൽപം സമയത്തെ യാത്ര കൊണ്ടുതന്നെ ഞാനും അവരും ഒരു കുടുംബം പോലെയാകുന്നു. ഇപ്പോൾ ഇന്ത്യയിലാണെങ്കിലും നടക്കുന്നത് സമാനമാണ്. ഞാൻ സുരക്ഷിതയാണെന്നുറപ്പിച്ചതിന് ശേഷമേ അവർ മടങ്ങാറുളളൂ. ചിലർ എന്നെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കാറുണ്ട്. പല വീടുകളിലും അത്തരത്തിൽ ഒരാഴ്ചയോളം വരെ താമസിച്ചിട്ടുണ്ട്.
ഇപ്പോൾ ട്രെയിനിലോ ബസിലോ ഒരുമിച്ച് യാത്ര ചെയ്യുന്നവരോട് മിണ്ടിയില്ലെങ്കിൽ പോലും ഹിച്ച് ഹൈക്കിംഗ് ചെയ്യുന്ന ആളുമായി നമ്മൾ ഒരുപാട് നേരം സംസാരിക്കും. അധികം സംസാരിക്കാത്ത ഒരാളാണ് ലിഫ്റ്റ് തരുന്നതെങ്കിൽ പോലും അവർ എവിടെയാണ്?എന്താണ്?ആരാണ്? എന്നൊക്കെ ചോദിക്കും. അപ്പോൾ അവിടെ ഒരു ആശയവിനിയമയം നടക്കുന്നു.നമുക്ക് പരിചയമില്ലാത്ത സ്ഥലത്ത് പോയി ലിഫ്റ്റ് ചോദിക്കുമ്പോൾ അവിടത്തെ ആളുകളെക്കുറിച്ച് ഏകദേശം ഒരു ധാരണ ലഭിക്കും.
ആദ്യമൊക്കെ പലരും കളിയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അത് കേൾക്കുമ്പോൾ അത് ശ്രദ്ധിക്കാറില്ല. കാരണം കളിയാക്കുന്നവർ ഒരു തവണ പോലും ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യാത്തവരായിരിക്കും. അങ്ങനെ ചെയ്യുന്നവർ ഇപ്പോൾ ആൺകുട്ടിയായാലും പെൺകുട്ടിയായാലും പിന്നൊരിക്കലും പറയില്ല. ലിഫ്റ്റ് ചോദിച്ച് പോകുന്നത് മോശം കാര്യമാണെന്ന്. ഭാവിയിൽ ധനികയായാൽ പോലും ഞാൻ ഇത് പിന്തുടരും. കാരണം ഹിച്ച് ഹൈക്കിംഗ് ഒരു വികാരമാണ്.
90 ശതമാനവും എനിക്ക് നല്ല അനുഭവങ്ങളാണ് ഹിച്ച് ഹൈക്കിംഗിലൂടെ ലഭിച്ചത്. എന്നാൽ പത്ത് ശതമാനം മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ബസിലായാലും ട്രെയിനിലായാലും ഓട്ടോറിക്ഷയിൽ യാത്ര നടത്തുന്നവർക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്ന വാർത്തകൾ നാം സ്ഥിരം വാർത്തകളിലൂടെ കേൾക്കുന്നതാണ്. പക്ഷെ ഹിച്ച് ഹൈക്കിംഗ് നടത്തുന്ന എനിക്ക് ഇത്രയൊന്നും ഉണ്ടായിട്ടില്ല.
ചെറിയ രീതിയിൽ വരുമാനം
യാത്ര ചെയ്യാൻ സ്‌പോൺസറിംഗൊന്നുമില്ല. ഒരു ചെറിയ യൂട്യൂബ് ചാനലുണ്ട്. അതിൽ നിന്നും ചെറിയ രീതിയിൽ വരുമാനം കിട്ടുന്നുണ്ട്. അതിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ ഇത് പറയുന്നത് പോലും ടെൻഡിൽ ഇരുന്നിട്ടാണ്. നാട്ടിൽ വരുന്ന സമയത്ത് ഇൻസ്റ്റഗ്രാമിൽ പ്രമോഷനുകൾ ചെയ്യാറുണ്ട്.
കഴിഞ്ഞ മൂന്നര വർഷത്തിലേറെയായിട്ട് ഞാൻ യാത്ര നടത്തി വരികയാണ്. അതിന് മുൻപ് ചെയ്ത യാത്രകൾ എന്നുപറയുന്നത് പത്ത് ദിവസം, ഒരാഴ്ച എന്ന രീതിയിലായിരുന്നു. മുൻപ് പാർട്ട്‌ടൈം ജോലികൾ ചെയ്തിട്ടുണ്ട്. റിസപ്ഷനിസ്റ്റായും ടെലികോളറായും ജോലി ചെയ്തിട്ടുണ്ട്. ഇതൊക്കെ വളരെ കുറച്ച് നാളുകൾ മാത്രമേ ഉണ്ടായിരുന്നുളളൂ. എനിക്കങ്ങനെ ഒരു സ്ഥലത്ത് ഇരുന്നുളള ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. ജോലി ചെയ്തു കിട്ടുന്ന പണം കൂട്ടിവച്ചാണ് യാത്രകൾ തുടങ്ങിയത്. പിന്നീടാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുമാനം ലഭിച്ചുതുടങ്ങുന്നത്. ഇനിയും യാത്രകൾ തുടരും.
എന്റെ യാത്രകളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ 99.9 ശതമാനവും ഞാൻ എടുക്കുന്നതാണ്. സോഷ്യൽ മീഡിയ മാനേജിംഗിന് ഒരു സുഹൃത്ത് സഹായിക്കാറുണ്ട്. ഏറ്റവും കൂടുതൽ യാത്രകളിലും ഒറ്റയ്ക്കായിരുന്നു. സുഹൃത്തിനോടൊപ്പവും യാത്ര നടത്തിയിട്ടുണ്ട്. സുഹൃത്തുമായി ഒമ്പത് മാസത്തോളം യാത്ര ചെയ്തിട്ടുണ്ട്.
സൈക്കിളിംഗ് വികാരം
സൈക്കിളിംഗ് ഒരു വികാരമാണ്. പല കാലാവസ്ഥയിലൂടെ നാം യാത്ര ചെയ്യാറുണ്ട്. ഇപ്പോൾ സൈക്കിളിംഗ് ചെയ്യുമ്പോൾ മഴ പെയ്യുകയാണെങ്കിൽ കയറി നിൽക്കാൻ പോലും സ്ഥലവുമില്ലെങ്കിൽ മഴയത്ത് യാത്ര തുടരും. ഒരു വിജനമായ സ്ഥലത്തിലൂടെ യാത്ര ചെയ്യുമ്പോൾ എല്ലാം ശ്രദ്ധിക്കും. പിന്നെ ആ വഴിയിലൂടെ യാത്ര പോയാലും മറക്കില്ല. പല കാര്യങ്ങളും കാണാൻ സാധിക്കും. വഴിയിൽ നിൽക്കുന്നവരുടെ സന്തോഷവും തല്ലുകൂടലുമൊക്കെ കണ്ടും അറിഞ്ഞുമാണ് പോകാറുളളത്. ഇങ്ങനെയുളള കാര്യങ്ങളിൽ ഹിച്ച് ഹൈക്കിംഗിനെക്കാൾ ഫീലുളളത് സൈക്കിളിംഗിനാണ്. അടിപൊളി അനുഭവമാണ്.
കുടുംബത്തിന്റെ പിന്തുണ
എന്റെ ഇഷ്ടങ്ങൾക്ക് കുടുംബം എതിര് നിൽക്കാറില്ല. യാത്രയുടെ തുടക്കം മുതലേ അവർ നോ പറയാറില്ല. പക്ഷെ എന്റെ മുത്തശിക്ക് ടെൻഷനുണ്ടായിരുന്നു. എപ്പോഴും വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. എന്നാൽ ചില സ്ഥലങ്ങളിൽ രണ്ട് ദിവസത്തിൽ കൂടുതൽ റേയ്ഞ്ച് ലഭിക്കാറില്ല. തൊട്ടടുത്ത ദിവസം അറിയുന്നത് മുത്തശി ആശുപത്രിയിലാണെന്നാണ്.
അച്ഛനും അമ്മയ്ക്കും സഹോദരനും അധികം പേടിയില്ല. കൂടുതൽ സമയം കുടുംബമായി ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല ഞാൻ. എന്റെ ജീവിതം കുറച്ച് വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ട്. എവിടെയാണോ ഉളളത് അതായിരിക്കണം നമ്മുടെ സ്ഥലം. ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. യാത്ര കഴിഞ്ഞ് സ്വന്തം വീട്ടിലെത്തുമ്പോഴാണ് സമാധാനം കിട്ടുന്നതെന്ന്. എനിക്ക് അങ്ങനെയില്ല. അങ്ങനെ ഉണ്ടാകരുത്. അങ്ങനെയൊരു കംഫർട്ട് സോൺ ഉണ്ടാകരുതെന്നാണ് ആഗ്രഹം.
ഞാനൊരു അനാഥയായ വ്യക്തിയെ പോലെയാണ് യാത്ര ചെയ്യാറുളളത്. ചെറുപ്പം മുതൽക്കേ കുടുംബവുമായി അത്ര അടുപ്പമുളള വ്യക്തിയല്ല. അവർ എന്നെ ഒന്നിനും തടഞ്ഞിട്ടില്ല. മറ്റുളള രക്ഷിതാക്കളിൽ നിന്നും എന്റെ അച്ഛനും അമ്മയും വേറിട്ടാണ് നിൽക്കുന്നതന്ന് എനിക്ക് തോന്നാറുണ്ട്. ഞാൻ അതിൽ ഭാഗ്യവതിയാണ്. പക്ഷെ ചില സമയങ്ങളിൽ അവരെ മിസ് ചെയ്യാറുണ്ട്. എന്റെ യാത്രകളാണ് എന്നെ ഹാപ്പിയാക്കുന്നത്.
പെപ്പർ സ്‌പ്രേ ഉപയോഗിക്കാറുണ്ട്
എന്റെ യാത്രകളിൽ ഒരുപാട് തവണ പെപ്പർ സ്‌പ്രേകൾ ഉപയോഗിച്ചിട്ടുണ്ട്. കേരളം, സിക്കിം, ഒഡീഷ, കാശ്മീർ എന്നിവിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ സുരക്ഷയ്ക്കായി സാധനങ്ങൾ കൈയിൽ കരുതിയിട്ടുണ്ട്. ഒരു പോക്കറ്റിൽ കത്തിയും മറ്റേതിൽ പെപ്പർ സ്‌പ്രേ എന്നിങ്ങനെയായിരുന്നു. നോർത്ത് ഇന്ത്യയിൽ യാത്ര ചെയ്തപ്പോൾ പകൽ സമയത്തും ഇതൊക്കെ കരുതിയിട്ടുണ്ട്.
കേരളത്തിലെ പകൽമാന്യൻമാരാണ് പ്രശ്നം
കേരളത്തിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്. പലയാളുകൾക്ക് ട്രോമ പോലെയാകാറുണ്ട്. അടുത്തിടെ പെപ്പർ സ്‌പ്രേ രണ്ട് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയിലാണ് ഉപയോഗിച്ചത്. ഒരു ലോറി ഡ്രൈവറോറും സ്‌കൂട്ടറിൽ വന്നയാളുടെ നേരെയുമാണ് പെപ്പർ സ്‌പ്രേ അടിച്ചു. വല്ലാത്തൊരു സാഹചര്യമായിരുന്നു.
കേരളം സുരക്ഷിതമല്ല. കൂടുതലും പകൽ മാന്യൻമാരാണ് പ്രശ്നം. എന്റെ നാടിനെക്കുറിച്ച് കുറ്റം പറയുന്നതല്ല. സത്യമതാണെങ്കിൽ പറയണമല്ലോ. എന്റെ അനുഭവങ്ങളാണ് ഞാൻ പറയുന്നത്. അല്ലാതെ കേട്ടറിവിൽ ഒന്നും പറയാറില്ല.
അവഗണിക്കേണ്ടത് അവഗണിക്കും
ലോകത്ത് ഏതൊരു കാര്യത്തിനും രണ്ട് വശങ്ങളുണ്ട്. എന്റെ ശരികൾ മറ്റുളളവരുടെ തെറ്റാകാം. മറിച്ചുമാകാം. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോക്കോ ഫോട്ടോയ്‌ക്കോ മറ്റുളളവരിടുന്ന മോശം കമന്റുകൾ അവരുടെ വിവരമില്ലായ്മ മൂലമാണെന്ന് വിശ്വസിക്കുന്നു.
View this post on Instagram
A post shared by Arunima Ip (@backpacker_arunima)
പെൺകുട്ടികളോട്
പെൺകുട്ടികൾ സാമ്പത്തികപരമായി സ്വതന്ത്രരാകണം. അത് ചെറിയ കാര്യമല്ല. പണം സമ്പാദിക്കുമ്പോൾ ഒരു പവർ ഉണ്ടാകും. ജോലി വേണം. ചെറിയ വരുമാനമായാലും കുഴപ്പമില്ല. അതിലൂടെ ആത്മവിശ്വാസമുണ്ടാകും. യാത്ര ചെയ്യണം. ചെറിയ യാത്രകളിൽ തുടങ്ങണം. നമ്മളെ കൊണ്ട് പറ്റില്ലെന്ന് പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം.
വിവാഹത്തെക്കുറിച്ച്
വിവാഹം കഴിക്കുന്നുണ്ടോയെന്ന് വീട്ടുകാർചോദിച്ചു. നിലവിൽ പ്ലാനില്ല. യാത്ര ചെയ്യുന്ന ആളെ മാത്രമേ കല്യാണം കഴിക്കൂ. ഭാവിയിൽ തോന്നുകയാണെങ്കിൽ ചെയ്യും. പങ്കാളി എന്നെപ്പോലെ ചിന്തിക്കുന്ന വ്യക്തിയായിരിക്കണം. പക്ഷെ അങ്ങനെ തന്നെ കിട്ടണമെന്നുമില്ല. പരസ്പരം മനസിലാക്കണം. ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു. ഇപ്പോഴും പ്രണയമുണ്ട്.
മുടി കളർ ചെയ്യുന്നത് ഒരു ക്രേയ്സാണ്. പൊതുവേ മേക്കപ്പിൽ ഇഷ്ടമില്ല. മേക്കോവർ ഇഷ്ടമില്ല. ഇപ്പോൾ നീല കളറാണ് മുടിയിൽ ചെയ്തിരിക്കുന്നത്. റെയിൻ ബോ കളർ ചെയ്യാൻ ആഗ്രഹമുണ്ട്. പ്രചോദനമായിട്ട് ആരുമില്ല. എനിക്ക് തോന്നിയ കാര്യങ്ങളാണ് ചെയ്തിട്ടുളളത്. എന്റെ റോൾ മോഡൽ ഞാനാണ്.
Source link