സ്വകാര്യതയിലേക്ക്   നടത്തുന്ന  നഗ്നമായ  കടന്നുകയറ്റം  നിരാശാജനകം; പ്രതികരിച്ച് സന അൽത്താഫ്

വിവാഹത്തോടനുബന്ധിച്ച് നടത്തിയ സ്വകാര്യ ചടങ്ങിൽ അനുവാദമില്ലാതെ എത്തിയ ചില ഓൺലൈൻ മാദ്ധ്യമ പ്രവ‌ർത്തക‌ർകരെ വിമ‌ർശിച്ച് നടി സന അൽത്താഫ്. യുവ താരങ്ങളായ സന അൽത്താഫും ഹക്കീം ഷാജഹാനും കഴിഞ്ഞ ആഴ്ചയിലാണ് ലളിതമായ രീതിയിൽ വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ ചടങ്ങിൽ എത്തിയ മാദ്ധ്യമ പ്രവർത്തകർ തനിക്കും തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടിനെക്കുറിച്ചും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

‘ഈയടുത്ത് ഞങ്ങൾ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വീഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്തു. ആ ചടങ്ങ് കവർ ചെയ്യാൻ പല മാദ്ധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂർവം ‌‌ നിരസിക്കുകയായിരുന്നു.

കാരണം ആ ചടങ്ങ് സ്വകാര്യമായി നടത്താനാണ് ഞങ്ങൾ ആഗ്രഹിച്ചത്. അതുകൊണ്ട് അവരോട് അതിൽ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. കേരളത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങളുടെ നിരാശാജനകമായ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുളളവരുടെ സ്വകാര്യതയിലേക്ക് അവർ നടത്തുന്ന നഗ്നമായ കടന്നുകയറ്റം വളരെ നിരാശജനകമാണ്’- സന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

View this post on Instagram

A post shared by Sana Althaf (@sana.althaf_)

താരം വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടുകൂടി പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു. 2014ൽ തീയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ ചിത്രം വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സന അൽത്താഫ് വെളളിത്തിരയിലെത്തുന്നത്. റാണി പത്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.


Source link
Exit mobile version