KERALAMLATEST NEWS

ദേവനാരായണന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് സൂപ്പർ ഹീറോയുടെ കുപ്പായം

ദേവനാരായണൻ

ഹരിപ്പാട് : ഇന്ന് സ്കൂൾ തുറക്കുമ്പോൾ മുട്ടം മുല്ലക്കര എൽ.പി സ്കൂളിലേക്ക് തന്റെ സൂപ്പർ ഹീറോ സ്പൈ‌ഡർമാനെ നെഞ്ചോട് ചേർത്ത് പോകാൻ ദേവനാരായണൻ ഇല്ല. തെരുവ് നായയുടെ ആക്രമണത്തിൽ മരിച്ച എട്ടുവയസുകാരനായ ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകൻ ദേവനാരായണൻ സ്‌പൈഡർമാന്റെ ആരാധകനായിരുന്നു. മകനുവേണ്ടി സ്‌പൈഡർമാന്റെ ചിത്രമുള്ള ബാഗും ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും നേരത്തെ വാങ്ങിവച്ചിരുന്നു.

സ്‌പൈഡർമാന്റെ ധീരത അനുകരിക്കാൻ അവൻ ശ്രമിച്ചിരുന്നു.സഹോദരിയുടെ സഹപാഠിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാനുള്ള ധീരമായ ശ്രമത്തിന് സ്വന്തം ജീവൻ നൽകേണ്ടി വന്നു.നായയ്ക്കൊപ്പം ഓടയിൽവീണ ദേവനാരയണൻ പേവിഷബാധയേറ്റാണ് മരിച്ചത്.

ഇന്ന് പ്രവേശനോത്സവത്തിന് ദേവനാരായണൻ ഇല്ലാത്തത് കൂട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്‌ത്തുന്നു.

പിതാവ് വാങ്ങിയ കുപ്പായം

സ്‌പൈഡർമാന്റെ കുപ്പായം വേണമെന്ന് വിദേശത്തുള്ള പിതാവിനോട് ദേവനാരായണൻ പറയുമായിരുന്നു. സ്‌കൂൾ തുറക്കുമ്പോൾ വാങ്ങിത്തരാമെന്ന് വാക്കുനൽകി. മകന്റെ അസുഖം അറിഞ്ഞയുടൻ നാട്ടിലേക്ക് പുറപ്പെട്ടതിനാൽ അതു വാങ്ങിയില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മകനെ കണ്ടപ്പോൾ അസുഖം മാറിവരുമ്പോൾ വാങ്ങിത്തരാമെന്ന് പറഞ്ഞതാണ്. അതിനുമുമ്പ് അവൻ പോയി…

ഇന്നലെ പിതാവ് സ്‌പൈഡർമാന്റെ കുപ്പായവും രണ്ട് ഫുട്ബാളും വാങ്ങി. വ്യാഴാഴ്ച സഞ്ചയനത്തിൽ അവന് സമർപ്പിക്കും.

നാട്ടിലെ ജിംഗാൻ

ഫുട്ബാൾ പ്രേമി ആയിരുന്നു ദേവനാരായണൻ. കേരളബ്ളാസ്റ്റേഴ്സ് മുൻ താരം സന്ദേശ് ജിംഗാന്റെ കടുത്ത ആരാധകനും. ദേവനാരായണന്റെ നാട്ടിലെ വിളിപ്പേരും ജിംഗാൻ എന്നായിരുന്നു. ഫുട്ബാൾ കളിക്കുമ്പോഴാണ് തെരുവുനായ ആ കുട്ടിയെ ആക്രമിക്കാൻ ഓടിയടുത്തത്. ബാൾ വലിച്ചെറിഞ്ഞ് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഓടയിൽ വീണത്.


Source link

Related Articles

Back to top button