അന്നമ്മയും കൊച്ചുമകനും തന്റെ ചെറിയ ഒറ്റമുറി വീട്ടിൽ
പരാതി നൽകിയിട്ടും ഫ്യൂസ് ഊരി
വാഗമൺ (ഇടുക്കി): എഴുപത്തിരണ്ടുകാരിയായ അന്നമ്മയുടെ ഒറ്റമുറി വീട്ടിൽ വന്ന വൈദ്യുതിബിൽ അരലക്ഷം രൂപയോളം. നിസഹായകയായ വൃദ്ധ പകച്ച് നിൽക്കുമ്പോൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഫ്യൂസും ഊരി. ഇപ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രം വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മയ്ക്ക് ആശ്രയം.
സാധാരണ 200 മുതൽ 400 രൂപ വരെയാണ് വൈദ്യുതി ബിൽ വരാറുള്ളത്. എന്നാൽ, കഴിഞ്ഞമാസം 15ന് വന്ന ബില്ല് കണ്ട് അന്നമ്മ അമ്പരന്നുപോയി, 49,710 രൂപ. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ച അന്നമ്മ കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ഇപ്പോൾ ആരോഗ്യം ക്ഷയിച്ചു. അതുകൊണ്ട് കൂലിപ്പണിക്ക് പോകാനും പറ്റുന്നില്ല. വിവാഹിതയായ മകളുടെ സഹായത്തിലാണ് കഴിയുന്നത്.
പരാതി ചവറ്റുക്കൊട്ടയിൽ
അമിത ബില്ലിനെതിരെ കെ.എസ്.ഇ.ബി പീരുമേട് സെക്ഷനിൽ വിശദീകരണമടക്കം പരാതി നൽകിയിരുന്നു. സഹായിച്ചില്ലെന്ന് മാത്രമല്ല വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച് ഉപദ്രവിക്കുകയും ചെയ്തു. ഇപ്പോൾ പതിനേഴ് ദിവസമായി വീട്ടിൽ വൈദ്യുതിയില്ല. ഭയത്തോടെയാണ് അന്നമ്മ രാത്രി തള്ളിനീക്കുന്നത്. കൊച്ചുമകൻ കൂടെയുള്ളതാണ് ഏക ആശ്വാസം. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഇടിമിന്നലുണ്ടായിരുന്നു. അന്ന് തകരാറിലായ മീറ്റർ അധികൃതർ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പുതിയ മീറ്റർ റീഡിംഗ് പ്രകാരമാണ് കൂടുതൽ തുക വന്നിരിക്കുന്നത്. കെ.എസ്.ഇ.ബി നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
പട്ടിയെ പേടിച്ച് റീഡിംഗ്
3 കൊല്ലം എടുത്തില്ല!
അന്നമ്മയുടെ വീട്ടിലെ മീറ്ററിനു സമീപം കെട്ടിയിരുന്ന പട്ടിയെ ഭയന്ന് 2019 ഡിസംബർ മുതൽ 2022 ഡിസംബർ വരെ മീറ്റർ റീഡിംഗ് എടുത്തില്ലെന്നും ഇതാണ് വലിയ തുക ബിൽ വരാൻ കാരണമെന്നും കെ.എസ്.ഇ.ബിയുടെ വിശദീകരണം.
ശരാശരി തുകയുടെ ഡോർ ലോക്ക് ബിൽ (വീട്ടിൽ ആളില്ലാതെ റീഡിംഗ് എടുക്കാൻ പറ്റാതെ വരുമ്പോൾ നൽകുന്ന ബിൽ) നൽകിയത്. 2023ഫെബ്രുവരിയിൽ പുതിയ റീഡർ വീട്ടുടമയെ കൊണ്ട് പട്ടിയെ മാറ്റിച്ച ശേഷംയഥാർത്ഥ റീഡിംഗ് എടുത്തു. മൂന്നുവർഷത്തെ കുടിശ്ശികയും (46,815 രൂപ) ചേർത്താണ് പുതിയ ബിൽ വന്നെതെന്നും പീരുമേട് സെക്ഷൻ അസി. എൻജിനിയർ പി.വി. ഷാജൻ വിശദീകരിച്ചു.
സംഭവത്തിൽ കെ.എസ്.ഇ.ബി തൊടുപുഴ ഡെപ്യൂട്ടി എൻജിനിയറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
കെ. കൃഷ്ണൻകുട്ടി, വൈദ്യുതി മന്ത്രി
Source link