ചക്രവാതച്ചുഴി, വെള്ളിയാഴ്ച വരെ കാലവർഷം ശക്തം
തിരുവനന്തപുരം: കാലവർഷക്കാറ്റ് ശക്തമായി. കർണാടകയ്ക്കും ഗോവയ്ക്കും മുകളിൽ ചക്രവാതച്ചുഴി. ഇന്നലെ ആരംഭിച്ച മഴ സംസ്ഥാനത്താകെ വെള്ളിയാഴ്ച വരെ ശക്തമായി തുടരും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് കാലവർഷക്കാറ്റിന്റെ സ്വാധീനം കൂടുതലുള്ളത്. ചക്രവാതച്ചുഴിയാണ് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കുന്നത്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴ ശക്തമാകും. തീരദേശത്ത് മഴ കുറവായിരിക്കും. സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഈ ആഴ്ച ലഭിക്കും. അടുത്ത ആഴ്ചയും ശരാശരി മഴ പെയ്യും. തെക്കൻ ജില്ലകളിൽ മഴ ശക്തമാകും.
അലർട്ട്, ജാഗ്രത
1. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഇവിടെ മലയോര മേഖലകളിൽ ലഘു മേഘവിസ്പോടനത്തിന് സാദ്ധ്യത. ഇതുമൂലം മിന്നൽ പ്രളയം,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ എന്നിവയുമുണ്ടായേക്കാം.
2. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ മഴ ശക്തമാകും.ഇടുക്കി,മലപ്പുറം മലയോര മേഖലകളിലും ശക്തമായ മഴ പെയ്യും.
കള്ളകടൽ, മുൻകരുതൽ
കേരള,തമിഴ്നാട് തീരങ്ങളിൽ രണ്ടു ദിവസം കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് രൂക്ഷമായ കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ കാറ്റാണ് കള്ളക്കടൽ അഥവാ സ്വെൽ വേവ്സ് പ്രതിഭാസത്തിന് കാരണം.
1. മത്സ്യത്തൊഴിലാളികളും തീരവാസികളും ശ്രദ്ധിക്കണം. അപകടമേഖലകളിൽ നിന്ന് മാറി താമസിക്കണം
2. യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണം. ബീച്ച്, കടൽ വിനോദങ്ങൾ ഒഴിവാക്കണം
Source link