രാജ്യസഭാ സീറ്റ് : ലീഗിൽ ഭിന്നത

സീറ്റ് ഹാരിസ് ബീരാന് നൽകുന്നതിൽ അമർഷം
മലപ്പുറം: രാജ്യസഭാ സീറ്റിൽ സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ മുസ്ളിം ലീഗിൽ കടുത്ത ഭിന്നത. ഡൽഹി കെ.എം.സി.സി അദ്ധ്യക്ഷനും ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവുമായ ഹാരിസ് ബീരാന് പ്രവാസി വ്യവസായിയുടെ സമ്മർദ്ദത്തിലാണ് രാജ്യസഭാ സീറ്റ് നൽകുന്നതെന്നാണ് ആരോപണം. മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഹാരിസ് ബീരാന്റെ പേര് മുന്നോട്ടുവച്ചതോടെ, പരസ്യമായി എതിർക്കാനാവില്ലെങ്കിലും അമർഷം പാർട്ടിയിലും യൂത്ത് ലീഗിലും പുകയുന്നുണ്ട്.
സാദിഖലി തങ്ങൾ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു എന്നിവരെ സജീവമായി പരിഗണിക്കുന്നതിനിടെയാണ് ഹാരിസ് ബീരാന്റെ അപ്രതീക്ഷിത രംഗപ്രവേശം. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയടക്കം ഉറപ്പാക്കിയ പി.എം.എ.സലാം പ്രതിഷേധത്തിലാണ്. സലാമിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിച്ചിരുന്നെങ്കിലും സീറ്റ് നൽകാനായില്ല. ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയസമയത്ത് പിന്നീട് പരിഗണിക്കാമെന്ന ഉറപ്പ് യൂത്ത് ലീഗിന് നൽകിയിരുന്നു. രാജ്യസഭയിലേക്ക് യുവ പ്രാതിനിദ്ധ്യം പരിഗണിക്കുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കിയതോടെ പ്രതീക്ഷയിലായിരുന്നു യൂത്ത് ലീഗ്. സാദിഖലി തങ്ങളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ് നേതാക്കൾ.
ആവർത്തിക്കുമോ
വിവാദം
ഡൽഹി കേന്ദ്രീകരിച്ചുള്ള നിയമപോരാട്ടങ്ങളിൽ ലീഗിനായി ഹാജരാവുന്നതും സി.എ.എ കേസ് നടത്തിപ്പിന്റെ ചുമതലയേൽപ്പിക്കപ്പെട്ടതും ഹാരിസ് ബീരാനാണ്. ന്യൂനപക്ഷ വിഷയങ്ങളിൽ സുപ്രീംകോടതിയിൽ ഹാജരാവുന്ന ഹാരിസ് ബീരാന് രാജ്യസഭയിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാനാവുമെന്ന വാദമുയർത്തി എതിർപ്പിന്റെ മുനയൊടിക്കാൻ ശ്രമമുണ്ട്.
ദുബായിലുള്ള സാദിഖലി തങ്ങൾ തിരിച്ചെത്തിയ ശേഷം ലീഗ് രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നാവും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവുക. 2004ൽ വ്യവസായിയായിരുന്ന പി.വി.അബ്ദുൽ വഹാബിന് രാജ്യസഭാ സീറ്റ് നൽകിയത് ഏറെ വിവാദമായിരുന്നു. അന്ന് ലീഗിന്റെ പ്രധാന പദവികളിലൊന്നും വഹാബ് ഉണ്ടായിരുന്നില്ല. ഇന്ന് ദേശീയ ട്രഷററാണ്.
വിവാദം ആവർത്തിക്കുമോയെന്ന ആശങ്ക മുതിർന്ന നേതാക്കൾക്കുണ്ട്.
Source link