സനാ: യെമനിലെ ഹൂതി വിമതർ ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളിൽ ജോലി ചെയ്യുന്ന 11 പേരെ തടവിലാക്കി. യെമനിൽ പ്രവർത്തിക്കുന്ന മറ്റ് അന്താരാഷ്ട്ര ഏജൻസികളിലെ ജീവനക്കാരും തടവിലായതായി റിപ്പോർട്ടുകളിൽ പറയുന്നു. സനാ, അംറാൻ, സാദാ, ഹുദെയ്ദ നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഹൂതി ഇന്റലിജൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ജീവനക്കാരുടെ വീട്ടിൽനിന്ന് കന്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ജീവനക്കാരെ ഉടൻ വിട്ടയയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ജീവനക്കാരെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കാൻ ഊർജിതശ്രമം നടത്തുന്നതായി യുഎൻ വക്താവ് സ്റ്റെഫാൻ ദുഴാറിക് അറിയിച്ചു. യുഎസ് നേതൃത്വം നല്കുന്ന സേന ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ. ഹൂതികൾ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതായും റിപ്പോർട്ടുണ്ട്.
Source link