കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ പട്ടികയിൽ ഇസ്രേലി സേന

ന്യൂയോർക്ക്: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ പട്ടികയിൽ ഇസ്രേലി സേനയെയും ഐക്യരാഷ്ട്രസഭ ഉൾപ്പെടുത്തി. ഗാസാ യുദ്ധത്തിൽ ആയിരക്കണക്കിനു കുട്ടികൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണിത്. യുദ്ധത്തിനിടെ കുട്ടികളെ വധിക്കുക, അവർക്കു സഹായം നിഷേധിക്കുക, സ്കൂളുകളും ആശുപത്രികളും ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയാണ് യുഎൻ സെക്രട്ടറി ജനറലിന്റെ വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്താറുള്ളത്. പലസ്തീൻ തീവ്രവാദ സംഘടനകളായ ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും പട്ടികയിൽ ഉൾപ്പെടുത്തും. യുഎൻ നടപടിയോട് ഇസ്രേലി നേതൃത്വം രൂക്ഷഭാഷയിലാണു പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭ ചരിത്രത്തിന്റെ കരിന്പട്ടികയിൽ ഉൾപ്പെട്ടുവെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ലോകത്ത് ഏറ്റവും ധാർമികത പുലർത്തുന്ന സേനയാണ് തങ്ങളുടേതെന്നും കൂട്ടിച്ചേർത്തു. യുഎന്നുമായുള്ള ബന്ധത്തിൽ കുഴപ്പങ്ങളുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു. പലസ്തീൻ തീവ്രവാദികൾ ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ച 1200ഓളം പേരിൽ 38 കുട്ടികളും ഉൾപ്പെടുന്നുണ്ട്. തീവ്രവാദികൾ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ 250തിലധികം പേരിൽ 42 കുട്ടികളും ഉണ്ടായിരുന്നു. ഇസ്രയേൽ ഗാസയിൽ നടത്തുന്ന പ്രത്യാക്രമണത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 36.731 ആയി. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. മൃതദേഹ പരിശോധനയിലൂടെ 7,797 കുട്ടികളുടെ മരണം സ്ഥിരീകരിച്ചതായി യുഎൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതോടൊപ്പം കൊല്ലപ്പെട്ടവരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം യുഎൻ തിരുത്തുകയുമുണ്ടായി. 69 ശതമാനം ആയിരുന്നത് 52 ആയി കുറച്ചു.
Source link