തിരുവനന്തപുരം: സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ കേരളത്തിലേക്ക് എത്തിച്ച് ആഗോള സാഹസിക ടൂറിസം മേഖലയുടെ ഹബ്ബാകാൻ കേരളം ഒരുങ്ങുന്നു. സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതിലൂടെ കഴിഞ്ഞ വർഷം ടൂറിസം മേഖലയ്ക്ക് വരുമാനമായി ലഭിച്ചത്
23.5 കോടി രൂപയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രദേശവാസികൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചതിന് പുറമേ 3000 ത്തിലധികം സ്ഥിരജോലികൾ സൃഷ്ടിക്കാനും സാധിച്ചു. ഈ വർഷവും കൂടുതൽ സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാരാ ഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ സൈക്ലിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ് എന്നിവയിലാണ് കേരളത്തിലെ ചില വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നത്. വാട്ടർ സ്പോർട്സ് അഡ്വഞ്ചർ ടൂറിസം പ്രമോട്ടർമാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് വലിയ പദ്ധതികളുണ്ട്.
ഇടുക്കി, വയനാട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, കാസർകോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടക്കുന്നത്. ക്യാമ്പിംഗ് സാഹസിക ടൂറിസം പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സംസ്ഥാന സർക്കാർ നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു.പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഏകദേശം 200 ആളുകൾ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നു. 60 പേർ ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ ആദ്യ പരിപാടിയായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് കോമ്പറ്റീഷൻ മാർച്ചിൽ ഇടുക്കിയിലെ വാഗമണ്ണിലും അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ചിൽ വർക്കലയിലും നടന്നു.ഇന്റർനാഷണൽ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് (എം.ടി.ബി കേരള 2024) ഏഴാമത് എഡിഷൻ ഏപ്രിലിൽ വയനാട് മാനന്തവാടി പ്രിയദർശിനി ടീ പ്ലാന്റേഷനിൽ നടന്നു.മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് ജൂലായ് 25 മുതൽ 28 വരെ നടക്കും.
Source link