ഭൗമോദയം പകർത്തിയ ബിൽ ആൻഡേഴ്സ് വിടവാങ്ങി
സിയാറ്റിൽ: ഭൗമോദയം എന്ന വിഖ്യാത ഫോട്ടോ പകർത്തിയ അമേരിക്കൻ ബഹിരാകാശസഞ്ചാരി ബിൽ (വില്യം) ആൻഡേഴ്സ് തൊണ്ണൂറാം വയസിൽ വിമാനം പറത്തവേ അപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ചെറുവിമാനം വാഷിംഗ്ടൺ സംസ്ഥാനത്തിനടുത്ത് കടലിൽ തകർന്നുവീഴുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. ചന്ദ്രന്റെ അന്തരീക്ഷത്തിൽ ആദ്യമായി മനുഷ്യനെത്തിയ അപ്പോളോ എട്ട് ദൗത്യത്തിനിടയിലാണ് ആൻഡേഴ്സ് ചിത്രം പകർത്തുന്നത്. 1968ലെ ക്രിസ്മസ് രാവിൽ ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്ന പേടകത്തിലുണ്ടായിരുന്ന ആൻഡേഴ്സും മറ്റ് രണ്ടു ബഹിരാകാശ സഞ്ചാരികളായ ഫ്രാങ്ക് ഫോർമാനും വില്യം ജയിംസ് ലോവലും ചക്രവാളത്തിൽ ഉദിച്ചുവരുന്ന ഭൂമിയെ കണ്ടു. ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ഏറ്റവും മനോഹരമായ ചിത്രം ആൻഡേഴ്സ് പകർത്തി. പത്തു തവണ ചന്ദ്രനെ ചുറ്റിയ ആൻഡേഴ്സും സംഘവും ഭൂമിയിലേക്കു മടങ്ങുകയായിരുന്നു. പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങൾക്കു പ്രചോദനമായ ചിത്രം ‘ഭൗമദിന’ സ്ഥാപനത്തിനും കാരണമായി. ബഹിരാകാശ പദ്ധതികളിൽ തന്റെ ഏറ്റവും വലിയ സംഭാവനയായി ഈ ചിത്രത്തെ ആൻഡേഴ്സ് കരുതി. ചന്ദ്രനിൽ അന്വേഷണത്തിനു പോയ തങ്ങളുടെ ഏറ്റവും വലിയ കണ്ടുപിടിത്തം ഭൂമി ആയിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. നാസയിൽനിന്നു വിരമിച്ച ആൻഡേഴ്സ് പിന്നീട് വ്യോമയാന വ്യവസായ മേഖലയിലാണു പ്രവർത്തിച്ചത്.
Source link