ടെൽ അവീവ്: ഹമാസ് ബന്ദികളാക്കിയ ഒരു യുവതിയുൾപ്പെടെ നാലുപേരെ മോചിപ്പിച്ചതായി ഇസ്രേലി സേന അറിയിച്ചു. റഷ്യൻ പൗരൻ ആന്ദ്രെ കൊസ്ലോവ് (27), ഇസ്രയേൽ സ്വദേശികളായ നോവ അർഗമാനി (25), അൽമോഗ് മെയിർ ജാൻ (21), ഷ്ലോമി സിവ് (40) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ മധ്യഗാസയിലെ നുസെയ്റത് അഭയാർഥി ക്യാന്പ്, ദെയ്ർ അൽ ബലാ, അൽ സാവെയ്ദെ എന്നിവിടങ്ങളിലായി പ്രത്യേക ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡിൽ രക്ഷപ്പെടുത്തിയത്. ദൗത്യത്തിനിടെ ഒരു ഇസ്രേലി പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇസ്രയേലിലെ വിഖ്യാതമായ നോവ സംഗീതോത്സവത്തിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് ഇന്നലെ മോചിതരായത്. ബന്ദികളെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ആശുപത്രിയിലേക്കു മാറ്റിയതായും സൈനിക വക്താവ് അറിയിച്ചു. ഇനിയും ഹമാസിന്റെ കേന്ദ്രത്തിൽ 116 ബന്ദികളുണ്ടെന്നും ഇവരിൽ 41 പേർ കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് ഇസ്രയേലി സേന പറയുന്നത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിനു പിന്നാലെ ഹമാസ് ഭീകരർക്കു നേരെ ആരംഭിച്ച ആക്രമണത്തിനിടെ ഇതാദ്യമായാണു കൂടുതൽ പേരെ ഒന്നിച്ച് ജീവനോടെ രക്ഷപ്പെടുത്താൻ ഇസ്രേലി സേനയ്ക്കു സാധിക്കുന്നത്. ഇന്നലത്തെ ദൗത്യത്തോടെ ഹമാസിന്റെ പിടിയിൽനിന്ന് ഇസ്രേലി സേന മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം ഏഴായി. നോർത്തേൺ ഗാസ മുനന്പിൽനിന്ന് ഒരാളെയും കഴിഞ്ഞ ഫെബ്രുവരി 12ന് നടത്തിയ ദൗത്യത്തിൽ ദക്ഷിണ റാഫയിൽനിന്ന് രണ്ടു ബന്ദികളെയും സൈന്യം മോചിപ്പിച്ചിരുന്നു. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിലാണ് 1139 ഓളം പേരെ വധിച്ചതും വിദേശികളുൾപ്പെടെ 250 ഓളം പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതും. അതേസമയം, ഇന്നലെ ഇസ്രേലി ഭീകരവിരുദ്ധ സേന നുസ്റെയ്ത് അഭയാർഥി ക്യാന്പിൽ നടത്തിയ റെയ്ഡിൽ കുട്ടികളുൾപ്പെടെ 210 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോപിച്ചു. നുസെയ്റത് അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന നടത്തിയത് കൂട്ടക്കൊലയാണെന്നും വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി യുഎൻ സുരക്ഷാ സമിതി യോഗം ചേരണമെന്നും പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
Source link