തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ എല്ലാ ബസ് ടെർമിനലുകളും കമ്പ്യൂട്ടറൈസ്‌ഡ് ആക്കാൻ പോകുകയാണെന്ന് മന്ത്രി ഗണേശ് കുമാർ. ഇക്കാര്യം അറിയിച്ചുകൊണ്ട് എം എൽ എമാർക്ക് കത്ത് അയച്ചിരുന്നു. ഇതുപ്രകാരം മിക്കവാറും എല്ലാ എം എൽ എമാരും അവരുടെ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ അനുവദിച്ചു. ഓരോ എം എൽ എയും തരുന്ന കമ്പ്യൂട്ടറിന്റെ അടിസ്ഥാനത്തിൽ ആ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിൽ നിന്ന് ഭക്ഷണം കഴിക്കാനോ മറ്റോ പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗണേശ് കുമാർ ഇക്കാര്യം പറഞ്ഞത്.
‘ഡിപ്പോകളിൽ അനാവശ്യമായ പോസ്റ്ററുകൾ ഒട്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ‘അംഗീകൃത യൂണിയനുകൾക്കും അംഗീകാരമില്ലാത്ത യൂണിയനുകൾക്കും അതാത് ഡിപ്പോയിൽ കൃത്യമായി അവരുടെ പോസ്റ്ററുകളും നിർദേശങ്ങളും പ്രദർശിപ്പിക്കാനുള്ള ബോർഡിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. അല്ലാതെ എല്ലായിടത്തും പോസ്റ്ററുകൾ ഒട്ടിക്കരുത്.
മന്ത്രിയായ എന്റെ ഫോട്ടോ കണ്ടാൽ പോലും ഇളക്കികളയണമെന്ന് ഞാൻ സ്‌നേഹത്തോടെ പറയുകയാണ്. അതിലെനിക്ക് പരാതിയില്ല. ബസ് സ്റ്റേഷനകത്ത്. റോഡിൽ പോയി ഇളക്കികളയല്ലേ. റോഡിലൊക്കെ ഇരുന്നോട്ടെ. ബസ് സ്‌റ്റേഷനകത്ത് ആരുടെയും പോസ്റ്റർ ഒട്ടിക്കണ്ട. ബസ് സ്‌റ്റേഷനകത്തോ ബസിന്റെ പുറത്തോ പോസ്റ്ററൊട്ടിച്ചാൽ നിങ്ങളുടൻ പൊലീസിൽ വിവരമറിയിക്കണം. അത് ശരിയല്ല. പോസ്റ്ററൊട്ടിച്ച സംഘടനയ്‌ക്കെതിരെ നമ്മൾ കേസ് കൊടുക്കും.’- ഗണേശ് കുമാർ പറഞ്ഞു.
Source link