വടക്കാഞ്ചേരി: റേഷൻ കടകളെ ഹൈടെക്കാക്കി ഡിജിറ്റൽ സേവനങ്ങൾ കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച കെ – സ്റ്റോറുകൾ നോക്കുകുത്തി. 2023 ജൂൺ അഞ്ചിന് തുടങ്ങിയ തലപ്പിള്ളി താലൂക്കിലെ കെ- സ്റ്റോറുകളിൽ ഇപ്പോൾ കെട്ടിപ്പഴകിയ സോപ്പ് പൊടി മാത്രമാണ് വിൽപ്പന ചെയ്യുന്നത്.
വൻ മുതൽ മുടക്കിൽ കെ – സ്റ്റോർ തുടങ്ങിയ റേഷൻ കടയുടമകൾ കടക്കെണിയിലായത് മാത്രമാണ് മിച്ചും. തലപ്പിള്ളി താലൂക്കിൽ രണ്ട് റേഷൻ കടകളിലാണ് കെ- സ്റ്റോറുകൾ ആരംഭിച്ചത്. തെക്കുംകര പഞ്ചായത്തിലെ മലാക്ക ലൈസൻസിയായ ഷാജി പീറ്റർ (238), വരവൂർ പഞ്ചായത്തിലെ കുമരപ്പനാൽ ലൈസൻസി രവീന്ദ്രൻ (162) എന്നീ റേഷൻ കടകളിലാണ് കെ – സ്റ്റോർ തുറന്നത്.
റേഷൻ കടകൾ വഴി കൂടുതൽ ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാകുന്ന പദ്ധതി യാഥാർത്ഥ്യമായതോടെ, ഗ്രാമീണ മേഖലയിൽ പുതിയ വികസന മുന്നേറ്റമാകുമെന്നായിരുന്നു ഉദ്ഘാടനം ചെയ്ത സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എയുടെ പ്രഖ്യാപനം. ഒരു വർഷത്തിനുള്ളിൽ ആയിരം റേഷൻ കടകൾ കെ- സ്റ്റോറുകളാകുമെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞത്.
കാർഷിക, വ്യവസായിക ഉത്പന്നങ്ങൾ കെ – സ്റ്റോറുകൾ വഴി ഉടൻ വാങ്ങാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും കെ – സ്റ്റോറിലും ഈടാക്കുകയെന്നും റേഷൻ വ്യാപാരികളുടെ വരുമാനം വർദ്ധിക്കുമെന്നുമായിരുന്നു മന്ത്രി അന്ന് നൽകിയ ഉറപ്പ്. എന്നാൽ ഒരു വർഷത്തിനിപ്പുറം പ്രഖ്യാപനങ്ങളെല്ലാം വെറും പാഴ്‌വാക്കുകളായി മാറി.
അഞ്ച് കിലോ ഗ്യാസ് സിലിണ്ടറിന് ആവശ്യക്കാരില്ലെന്നതും കെ – സ്റ്റോർ ഉടമകൾക്ക് തിരിച്ചടിയായി. സപ്‌ളൈകോ ഔട്ട്‌ലെറ്റുകളിൽ വരെ നിത്യോപയോഗ സാധനങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. അതിനാൽ തന്നെ കെ – സ്റ്റോറുകൾ പ്രഖ്യാപന ലക്ഷ്യത്തിലെത്താനുള്ള സാദ്ധ്യതയും മങ്ങുകയാണ്.
കെ – സ്റ്റോറിൽ
മിൽമ, ശബരി ഉത്പന്നങ്ങൾ വാങ്ങാനും ഡിജിറ്റൽ ഇടപാടുകൾ നടത്താനും കെ- സ്റ്റോറുകൾ വഴി സാധിക്കുമെന്നും ഉറപ്പ്. 10,000 രൂപയിൽ താഴെയുള്ള ബാങ്കിംഗ് ഇടപാടുകൾ, എ.ടി.എം സേവനം എന്നിവയും റേഷൻ കടയിൽ ഉണ്ടാകുന്നതോടൊപ്പം വാട്ടർ ബില്ലുകൾ അടയ്ക്കാനാകുമെന്ന വാഗ്ദാനവും നൽകിയിരുന്നു. കുറഞ്ഞ വിലയ്ക്ക് അഞ്ച് കിലോഗ്രാം തൂക്കമുള്ള എൽ.പി.ജി സിലിണ്ടറുകളും ലഭ്യമാക്കിയിരുന്നു. അധിക സേവനങ്ങൾക്ക് ഫീസില്ലെന്നത് ജനങ്ങൾക്ക് ആശ്വാസം പകരുമെന്നായിരുന്നു വാഗ്ദാനം.
Source link