KERALAMLATEST NEWS

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര സർക്കാരിന് കത്തയച്ചു

തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഉന്നത വിദ്യാഭ്യാസ, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അദ്ദേഹം കത്ത് നല്‍കിയത്.

നീറ്റ് പരീഷാഫലം സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതാണ്. നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണരൂപം

കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ നീറ്റ് പരീക്ഷാ ഫലത്തെ കുറിച്ച് വ്യക്തിപരമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2024 ലെ നീറ്റ് ഫലങ്ങൾ പരീക്ഷകളുടെ ആധികാരികതയെക്കുറിച്ച് കടുത്ത ആശങ്കകൾ സൃഷ്ടിച്ചു, നിരവധി വിദ്യാർത്ഥികൾ നടപടിക്രമത്തിൽ സംശയം പ്രകടിപ്പിക്കുന്നു.

പരീക്ഷയിൽ 67 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു, അതിൽ എട്ട് പേർ ഒരേ സെന്ററിൽ നിന്ന് വന്നവരാണ് എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. 2023ൽ വെറും രണ്ടു പേർക്കും 2022ൽ നാലും മാത്രമാണ് മുഴുവൻ മാർക്കും ലഭിച്ചത്. കൂടാതെ വിദ്യാർത്ഥികൾക്ക് 720ൽ 719 ഉം 718 ഉം മാർക്ക് ലഭിച്ചു. നീറ്റ് പരീക്ഷാ ഫോർമാറ്റ് കണക്കിലെടുക്കുമ്പോൾ സൈദ്ധാന്തികമായി ഇങ്ങനെ മാർക്ക് നേടാനാവില്ല.

താങ്കൾക്ക് അറിയാവുന്നതുപോലെ, നീറ്റ് മൂല്യനിർണ്ണയ സംവിധാനം ഓരോ ശരിയായ ഉത്തരത്തിനും +4 മാർക്ക് ലഭിക്കുകയും ഓരോ തെറ്റായ ശ്രമത്തിനും 1 മാർക്ക് നഷ്ടമാകുകയും ചെയ്യും. ഒരു വിദ്യാർത്ഥി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയും, അതിൽ ഒരെണ്ണം തെറ്റുകയും ചെയ്താൽ അയാൾക്ക് പരമാവധി 715 മാർക്ക് ലഭിക്കും. ഒരു ചോദ്യം ഒഴിവാക്കിയാൽ, പരമാവധി 716 മാർക്ക് കിട്ടും.

കട്ട് ഓഫ് മാർക്ക് കഴിഞ്ഞ വർഷം 610 ൽ നിന്ന് 660 ആയി ഉയർന്നു. നിർദിഷ്ട തീയതിക്ക് 10 ദിവസം മുമ്പ് ഫലം പ്രഖ്യാപിച്ചത് മൂല്യനിർണ്ണയ നടപടിക്രമത്തിന്റെ സാധുതയെക്കുറിച്ച് കാര്യമായ സംശയം ജനിപ്പിക്കുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന ആരോപണങ്ങൾക്ക് ആധികാരികത നൽകുന്നതാണ് സംശയാസ്പദമായ ഫലങ്ങൾ. നീറ്റ് ഫലങ്ങളിലെ ഏതെങ്കിലും അപാകത, യോഗ്യതയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർക്കും. എല്ലാറ്റിനുമുപരിയായി, യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ ആരോഗ്യസംരക്ഷണ മേഖലയുടെ ഗുണനിലവാരം മോശമാക്കും, ഇത് വരും തലമുറകളോടുള്ള വലിയ അനീതിയായി കണക്കാക്കപ്പെടുന്നു. അതിനാൽ, അടുത്തിടെ പ്രസിദ്ധീകരിച്ച നീറ്റ് റിസൽട്ടിനെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.


Source link

Related Articles

Back to top button