പൊലീസ് അക്കാദമിയിൽ എസ് ഐ ആത്മഹത്യ ചെയ്‌തു

തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ എസ് ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ട്രെയിനറായ എസ് ഐ ജിമ്മി ജോർജ് ആണ് മരിച്ചത്. 36 വയസായിരുന്നു. പഴയ ആശുപത്രി ബ്ലോക്കിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ മാടായിക്കോണം സ്വദേശിയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

അടുത്തിടെയായി സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാകുകയാണ്. ഇവരിൽ പലരും മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അമ്പതിലധികം പൊലീസുദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്.നിരവധി പേർ ജീവനൊടുക്കാൻ ശ്രമിച്ചു. മേലുദ്യോഗസ്ഥർ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് പീഡിപ്പിച്ചത് സഹിക്കാതെ കളമശേരി എ.ആർ.ക്യാമ്പിലെ സീനിയർ സി.പി.ഒ ജോബി ദാസും, മാളയിലെ സി.പി.ഒ ഷാഫിയും ജീവനൊടുക്കിയത് അന്ന് വാർത്തയായിരുന്നു.

ആത്മഹത്യ കൂടിയതിനെത്തുടർന്ന് പൊലീസുകാരെ മാനസികമായി ശക്തരാക്കാൻ മുമ്പ് കൗൺസലിംഗും യോഗയും പരീക്ഷിച്ചിരുന്നു. സേനാംഗങ്ങളുടെ മാനസിക, കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകളുൾപ്പെട്ട സമിതിയുമുണ്ടാക്കി. മാനസിക സംഘർഷമുള്ളവരെ കൗൺസലിംഗിന് അയയ്ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ഉത്തരവിട്ടിരുന്നു. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.

അമിത ജോലിഭാരം കാരണം വയനാട്ടിലെ വനിതാ എസ്.എച്ച്. ഒ ഡ്യൂട്ടിക്കിടെ മുങ്ങിയതും മുമ്പ് ചർച്ചയായിരുന്നു. അസി.കമ്മിഷണറുടെ ശകാരം കാരണം നാടുവിട്ട പൊലീസുകാരനെ പിന്നീട് കോയമ്പത്തൂരിലാണ് കണ്ടെത്തിയത്. തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാർ കുഴഞ്ഞുവീണ സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.


Source link

Exit mobile version