KERALAMLATEST NEWS

വന്ദേഭാരത് നമ്മളെ പറ്റിക്കുകയായിരുന്നോ? വിവരാവകാശ രേഖയിൽ മുഴുവൻ വിവരങ്ങളും പുറത്ത്; 2024ൽ സംഭവിച്ച മാറ്റം

ന്യൂഡൽഹി: അതിവേഗത്തിനൊപ്പം ആഡംബരവും നിറച്ച് പുത്തൻ യാത്രാ സൗകര്യം യാത്രക്കാർക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലിറങ്ങിയത്. സർവീസ് ആരംഭിച്ച് നാല് വർഷത്തോളം പിന്നിടുമ്പോഴും ആളുകൾക്ക് വന്ദേഭാരതിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. സർവീസ് നടത്തുന്ന ഒട്ടുമിക്ക റൂട്ടുകളിലും വന്ദേഭാരത് ഹിറ്റാണ്. 160 കിലോ മീറ്റർ വേഗത്തിൽ വരെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സഞ്ചരിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യയിലെ മിക്ക ട്രാക്കുകളിലെയും സൗകര്യം വച്ച് ഇത്രയും വേഗത കൈവരിക്കാൻ സാധിക്കില്ല.

എന്നാൽ 100 മുതൽ 130 കിലോമീറ്റർ വേഗത്തിലെങ്കിലും വന്ദേഭാരത് ട്രെയിനുകൾ സഞ്ചരിക്കുമെന്നാണ് യാത്രക്കാർ അടക്കം കരുതിയത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന വിവരാവകാശ രേഖയിൽ വന്ദേഭാരത് ട്രെയിനുകൾ സഞ്ചരിക്കുന്ന ശരാശരി വേഗതയുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. 2020-21 കാലയളവിൽ വന്ദേഭാരത് എക്സ്പ്രസ് സഞ്ചരിക്കാവുന്ന ശരാശരി വേഗത 84.48 കിലോ മീറ്ററായി ചുരുക്കിയെന്ന് റെയിൽവെ മന്ത്രാലയം വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. 2023-24 ആകുമ്പോഴേക്കും വേഗത 76.25 കിലോ മീറ്ററാക്കിയെന്നും രേഖയിൽ പറയുന്നു. ട്രാക്കുകളിൽ നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാലാണ് വേഗത കുറയ്‌ക്കേണ്ടി വന്നതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.

വന്ദേഭാരതിനെ കൂടാതെ രാജ്യത്ത് സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളുടെ ശരാശരി വേഗതയും ഇതേത്തുടർന്ന് കുറച്ചിട്ടുണ്ട്. ഇതുകൂടാതെ, ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അല്ലെങ്കിൽ തീവ്രമായ കാലാവസ്ഥ വ്യത്യാസം കാരണം ചില റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ വേഗതയിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുംബയ് മുതൽ മഡ്‌ഗോൺ വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളെ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊങ്കൺ പാതയായത് കൊണ്ട് തന്നെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പരാമാവധി വേഗത 75 കിലോ മീറ്ററാണ്. ഈ മേഖലയിൽ അമിത വേഗതത്തിൽ സഞ്ചരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്.

മദ്ധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖറാണ് വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത സംബന്ധിച്ച് റെയിൽവെയ്ക്ക് വിവരാവകാശ രേഖ സമർപ്പിച്ചത്. വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 ൽ 84.48 കിലോ മീറ്ററായിരുന്നു. ഇത് 2022-23 ൽ 81.38 കിലോമീറ്ററായി കുറഞ്ഞു. 2023-24ൽ ഇത് 76.25 ആയി കുറഞ്ഞെന്നാണ് രേഖയിൽ വ്യക്തമാകുന്ന വിവരം. ഇന്ത്യൻ ട്രാക്കുകളിൽ 160 കിലോ മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് 2019ൽ സർവീസ് ആരംഭിച്ചത്. എന്നാൽ ഡൽഹി-ആഗ്ര റൂട്ടിൽ ഒഴികെ രാജ്യത്ത് എവിടെയും 130 കിലോ മീറ്റർ കൂടുതൽ വേഗത കൈവരിക്കാൻ വന്ദേഭാരതിന് സാധിച്ചിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്‌പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസിന് 160 കിലോമീറ്റർ വേഗതയിൽ ഓടുന്നതിനായി 2016ൽ വികസിപ്പിച്ചെടുത്ത ചില ട്രാക്കുകൾ ഡൽഹി- ആഗ്ര റൂട്ടുകൾക്കിടയിലുണ്ട്. ഈ പാതയിൽ വന്ദേഭാരത് എക്സ്പ്രസ് 160 കിലോ മീറ്റർ വേഗത കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് സ്ഥലങ്ങളിൽ 130 കിലോ മീറ്റർ വേഗതയിൽ താഴെ മാത്രമാണ് ഓടുന്നത്. ഭാവിയിൽ ട്രാക്കുകൾ മികച്ച രീതിയിൽ ആയാൽ 250 കിലോ മീറ്റർ വേഗത വരെ കൈവരിക്കാൻ സാധിക്കുമെന്നാണ് റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.


Source link

Related Articles

Back to top button