KERALAMLATEST NEWS

മുരളീധരന്റെ തോൽവി: തൃശൂർ ഡി.സി.സി ഓഫീസിൽ കൂട്ടത്തല്ല്

മുരളീധരന്റെ അനുയായികൾക്ക് മർദ്ദനമേറ്റു

ഡി.സി.സി പ്രസിഡന്റിനെ തടഞ്ഞുവച്ചു

തൃശൂർ : കെ.മുരളീധരന്റെ തോൽവിക്ക് പിന്നാലെ, തൃശൂർ ഡി.സി.സി ഓഫീസിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. കെ.മുരളീധരന്റെ അനുയായിയും ഡി.സി.സി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറയടക്കം നിരവധി പേർക്ക് മർദ്ദനമേറ്റു. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സജീവൻ കുരിയച്ചിറ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സ്ഥലത്തെത്തിയ മുൻ എം.എൽ.എ പി.എ.മാധവൻ സജീവനെ അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി.

സംഘർഷത്തിനിടെ മുകളിലത്തെ നിലയിലേക്ക് പോയ ഡി.സി.സി പ്രസിഡന്റും സംഘവും താഴേക്കിറങ്ങിയാൽ തടയുമെന്ന മുന്നറിയിപ്പുമായി രാത്രി വൈകിയും ഒരു സംഘം പുറത്ത് നിലയുറപ്പിച്ചു. സംഘർഷത്തെ തുടർന്ന് തൃശൂർ എ.സി.പി സുദർശനന്റെ നേതൃത്വത്തിൽ പൊലീസെത്തി.

ഇന്നലെ വൈകിട്ട് അഞ്ചോടെ സജീവൻ കുരിയച്ചിറയും പ്രവർത്തകരും ഓഫീസിന്റെ താഴെ നിൽക്കുമ്പോൾ എത്തിയ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ജോസ് വള്ളൂരും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് താണിക്കുടം, കെ.എസ്.യു നേതാവ് വിമൽ എന്നിവരും ചേർന്നാണ് മർദ്ദിച്ചതെന്ന് സജീവൻ കുരിയച്ചിറ ആരോപിച്ചു. സജീവന് മർദ്ദനമേറ്റതറിഞ്ഞ് കൂടുതൽ പേരെത്തിയതോടെ വഷളായി. യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരായിരുന്നു ഇരുവിഭാഗത്തും. ഇതിനിടെ ഡി.സി.സി പ്രസിഡന്റ് മുകളിലെ നിലയിലേക്ക് പോയി. പിന്നാലെ ഇരുസംഘവും പോർവിളിയായി. ഇത് കൂട്ടത്തല്ലിൽ കലാശിച്ചു.
സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഡി.സി.സി സെക്രട്ടറിമാരായ ഉസ്മാൻ ഖാൻ, കല്ലൂർ ബാബു എന്നിവരെ ഇരുവിഭാഗവും അസഭ്യം പറഞ്ഞു. മുൻ എം.എൽ.എമാരും കെ.പി.സി.സി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത് , രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവരും എത്തി. വിഷയം കെ.പി.സി.സിയുടെ ശ്രദ്ധയിൽപെടുത്തും.

കെ.മുരളീധരനെ തോൽപ്പിച്ച ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ എന്നിവർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ദിവസമായി ഡി.സി.സി ഓഫീസ് പരിസരത്ത് പോസ്റ്റർ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നിൽ സജീവൻ കുരിയച്ചിറയാണെന്നാണ് ഡി.സി.സി പ്രസിഡന്റിന്റെ ആരോപണം


Source link

Related Articles

Back to top button