ഗന്ധർവനെ വീണ്ടും കണ്ടപ്പോൾ: സിദ്ധു പനയ്ക്കൽ എഴുതുന്നു

ഗന്ധർവനെ വീണ്ടും കണ്ടപ്പോൾ: സിദ്ധു പനയ്ക്കൽ എഴുതുന്നു | Sidhu Panakkal Nitish Bharadwaj

എത്രയോ വർഷം മുൻപ് നമ്മോടൊപ്പം വർക്ക് ചെയ്ത ഒരാൾ, അദ്ദേഹത്തിന്റെ കൂടെ വീണ്ടും വർക്ക് ചെയ്യാൻ കഴിയുമെന്നോ, കണ്ടുമുട്ടാൻ കഴിയുമെന്നോ നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. പ്രത്യേകിച്ച് നമ്മുടെ ഭാഷയിൽ അല്ലാത്ത ഒരാൾ. നിതീഷ് ഭരദ്വാജ്,  ഞാൻ ഗന്ധർവനിലെ ഗന്ധർവൻ. പത്മരാജൻ സർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ എന്റെ ഗുരുനാഥൻ മോഹനേട്ടൻ ആയിരുന്നു. ‘അപ്പു’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനുശേഷം മോഹനേട്ടൻ എന്നോട് പറഞ്ഞു നീ നേരെ തൃശൂരിലേക്ക് പൊക്കോ. അവിടെ പത്മരാജൻ സാറിന്റെ  ടീം എത്തിയിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങുമ്പോഴേക്കും ഞാൻ എത്തിക്കോളാം. 
നിതീഷ് ഭരദ്വാജിനെ നേരിൽ കാണാമല്ലോ എന്ന സന്തോഷം എനിക്ക്. നിതീഷ് സാറിനെ ജനങ്ങൾ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്ന കാലമായിരുന്നു അത്. ശ്രീകൃഷ്ണൻ ജനങ്ങളുടെ ഉള്ളിൽ ഒന്നാകെ നിറഞ്ഞുനിൽക്കുന്ന കാലം. മഹാഭാരതം ടെലികാസ്റ്റ് ചെയ്യുമ്പോൾ, കറണ്ട് പോയതിന് ഇലക്ട്രിസിറ്റി ബോർഡിന്റെ ഓഫിസ് ജനങ്ങൾ തല്ലിത്തകർത്ത സംഭവം ഉണ്ടായിട്ടുണ്ട്.

സുപർണയാണ് നായിക. സുപർണയെ എനിക്ക് മുൻപ് പരിചയമുണ്ട്. വൈശാലിയിലെ നായികയായിരുന്നു അവർ ആ പടത്തിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. തൃശൂർ എത്തി പ്രീ-പ്രൊഡക്‌ഷൻ വർക്കുമായി നടക്കുമ്പോഴും, ശ്രീകൃഷ്ണനെ നേരിൽ കാണാനുള്ള ആകാംക്ഷയിൽ ആയിരുന്നു ഞാൻ.  ഷൂട്ടിങ്ങിനു മുമ്പ് ശ്രീകൃഷ്ണൻ എത്തി. എങ്ങിനെയും അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ എടുക്കണം. അന്ന് ഇന്നത്തെ പോലെ ഫോട്ടോയെടുക്കാൻ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. നിതീഷ് സാറിന്റെ കൂടെ ഒരു ഫോട്ടോയെടുത്തു തരാൻ പറഞ്ഞ് സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂരിന്റെ പിന്നാലെ പല തവണ നടന്നു. ഒടുവിൽ സുനിലേട്ടൻ കനിഞ്ഞു ഫോട്ടോയെടുത്തു. ആ ഫോട്ടോ ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങി പകുതി ദിവസങ്ങൾ കഴിഞ്ഞപ്പോൾ അപ്പു എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കായി മോഹനേട്ടൻ എന്നെ മദ്രാസിലേക്ക് ലേക്ക് അയച്ചു.
ഞാൻ ഗന്ധർവന്റെ റിലീസിനു ശേഷം ഞങ്ങൾ പ്രണവം ആർട്സിന്റെ ഭരതം എന്ന പടത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി കോഴിക്കോട് താമസിക്കുമ്പോൾ ആണ് ആ ദുരന്തം ഉണ്ടായത്. ഞാൻ ഗന്ധർവന്റെ  പരസ്യപ്രചരണത്തിനു വേണ്ടി ഗുഡ് നൈറ്റ് മോഹൻസാറിനോടും ഗാന്ധിമതി ബാലേട്ടനോടും നിതീഷ് സാറിനോടും ഒപ്പം കോഴിക്കോട്ട് എത്തിയ പത്മരാജൻ സർ പാരമൗണ്ട് ടവറിൽ വച്ച് അന്തരിച്ചു. അന്നാണ് നിതീഷ് സാറിനെ വീണ്ടും കണ്ടത്. അതിനെപ്പറ്റി വിശദമായി ഞാൻ മുൻപ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതുകൊണ്ട് അത് ഇവിടെ ആവർത്തിക്കുന്നില്ല.

ഞാൻ പ്രൊഡക്‌ഷൻ കൺട്രോളറായി വർക്ക് ചെയ്യുന്ന ഗോകുലം മൂവീസിന്റെ കടമറ്റത്ത് കത്തനാർ എന്ന പടത്തിൽ അഭിനയിക്കാനാണ് 33 വർഷത്തിനുശേഷം അദ്ദേഹം വീണ്ടും മലയാളത്തിൽ എത്തിയത്. ഞാൻ ഗന്ധർവന്റെ ഷൂട്ടിങ് കാലത്തെക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു നടന്നു.  തൃശൂരും, പത്മരാജൻ സാറും, ഗുഡ് നൈറ്റ് മോഹൻസാറും, ക്യാമറമാൻ വേണുവേട്ടനും ആർട്ട്‌ ഡയറക്ടർ രാജീവ് അഞ്ചലും, അസോസിയേറ്റ് ഡയറക്ടർ ജോഷി മാത്യുവും, പൂജപ്പുര രാധാകൃഷ്ണൻ ചേട്ടനു എല്ലാം സംസാരത്തിൽ കടന്നുവന്നു. സുപർണയെ പിന്നീട് കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അവർ നന്നായി തടി വച്ചിട്ടുണ്ട് എന്ന് പറഞ്ഞു. സഞ്ജയ്, സുപർണ വിവാഹശേഷം ചാനൽ പരിപാടിയുടെ ഒരു ചടങ്ങിനു വന്നപ്പോൾ രണ്ടുപേരെയും വർഷങ്ങൾക്കുശേഷം കണ്ട കാര്യം ഞാനും പറഞ്ഞു.  ഗുഡ്നൈറ്റ് മോഹൻസാറുമായി ഇടയ്ക്കൊക്കെ കാണാറും സംസാരിക്കാറുമുണ്ടെന്ന് അദ്ദേഹം. ഗന്ധർവനെ സൃഷ്ടിച്ച പത്മരാജൻ എന്ന ഗന്ധർവനെ ഓർത്ത് സംസാരത്തിനിടയിൽ കുറച്ചുനേരം അദ്ദേഹം നിശബ്ദനായിരുന്നു.

English Summary:
Sidhu Panakkal about Nitish Bharadwaj

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jayasurya 2iu0igvq14v0c0kivv5l3b6fqi mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nitishbharawaj mo-entertainment-titles0-kathanar


Source link
Exit mobile version