തൃശൂർ ഡിസിസിയിലെ സംഘർഷം; ജോസ് വള്ളൂർ ഉൾപ്പെടെ 20പേർക്കെതിരെ കേസ്

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

അതേസമയം, ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺ​ഗ്രസിൽ അടിയന്തിര നടപടിക്കാണ് സാദ്ധ്യത. തൃശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാദ്ധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിലുള്ള കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ – പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.


Source link

Exit mobile version