ഡാളസ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ അമേരിക്കയെ ചരിത്ര ജയത്തിലേക്ക് നയിച്ചത് ഇന്ത്യൻ വംശജനായ മോനാങ്ക് പട്ടേൽ. പാക്കിസ്ഥാനെ സൂപ്പർ ഓവറിലൂടെ അഞ്ച് റണ്‍സിനായിരുന്നു അമേരിക്ക കീഴടക്കിയത്. 38 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 50 റണ്‍സ് നേടിയ മോനാങ്ക് പട്ടേലാണ് പാക്കിസ്ഥാന്റെ പേരുകേട്ട പേസ് ആക്രമണ സംഘത്തെ ചെറുത്തു തോൽപ്പിച്ചത്. അതിന്റെ അംഗീകാരമായി പ്ലെയർ ഓഫ് ദ മാച്ചും മോനാങ്കിനു ലഭിച്ചു. ഇതോടെ ഐസിസി ട്വന്റി-20 ലോകകപ്പിൽ കളിച്ച ആദ്യ രണ്ട് മത്സരത്തിലും ജയം എന്ന അപൂർവനേട്ടത്തിലും യുഎസ്എ എത്തി. ഇതിനു മുന്‍പ് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും മാത്രമാണ് ട്വന്റി-20 ലോകകപ്പിൽ കളിച്ച ആദ്യ രണ്ട് മത്സരത്തിലും വെന്നിക്കൊടി പാറിച്ചത്. സ്കോർ: പാക്കിസ്ഥാൻ 159/7 (20). യുഎസ്എ 159/3 (20). സൂപ്പർ ഓവർ: യുഎസ്എ 18/1, പാക്കിസ്ഥാൻ 13/1. ►മൂന്നാം ഇര പാക്കിസ്ഥാൻ യുഎസ്എയ്ക്കു മുന്നിൽ ട്വന്റി-20 ക്രിക്കറ്റിൽ തോൽവി വഴങ്ങുന്ന മൂന്നാമത് ഐസിസി ഫുൾ മെംബറാണ് പാക്കിസ്ഥാൻ. 2021ൽ അയർലൻഡിനെ ഒരു മത്സരത്തിൽ യുഎസ്എ കീഴടക്കി. കഴിഞ്ഞ മാസം ബംഗ്ലാദേശിന് എതിരായ ട്വന്റി-20 പരന്പര യുഎസ്എ 2-1നു സ്വന്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ പ്ലേയിംഗ് ഇലവനിൽ ഇറങ്ങിയ കളിക്കാരുടെ ആകെ രാജ്യാന്തര പരിചയം 706 മത്സരങ്ങളായിരുന്നു. യുഎസ്എയുടേത് 207 മാത്രവും. രാജ്യാന്തര മത്സര പരിചയസന്പത്തിൽ ഇരു ടീമിലെയും പ്ലേയിംഗ് ഇലവനുകൾ തമ്മിൽ 499ന്റെ വ്യത്യാസം. ►പട്ടേൽ ഫ്രം ഗുജറാത്ത് ഗുജറാത്തിലാണ് മോനാങ്ക് പട്ടേലിന്റെ ജനനം. യുഎസ്എയുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മോനാങ്ക് ഗുജറാത്ത് അണ്ടർ 16, അണ്ടർ 19 ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഓപ്പണിംഗ് ബാറ്ററായ മോനാങ്കിന് കാനഡയ്ക്കെതിരേ (16 പന്തിൽ 16) തിളങ്ങാനായില്ല. എന്നാൽ, അതിന്റെ കേടുതീർത്ത് പാക്കിസ്ഥാനെതിരേ അർധസെഞ്ചുറിയുമായി പോരാട്ടം നയിച്ചു. പാക്കിസ്ഥാന്റെ ഹാരിസ് റൗഫിന്റെ അവസാന പന്ത് ബൗണ്ടറി കടത്തി യുഎസ്എയെ ടൈയിലെത്തിച്ചത് ഇന്ത്യൻ വംശജനായ നിതീഷ് കുമാറായിരുന്നു. കാനഡയിലെ ഒന്റാരിയൊയിലാണ് നിതീഷ് കുമാറിന്റെ ജനനം. അണ്ടർ 15, അണ്ടർ 19 വിഭാഗങ്ങളിൽ കാനഡയ്ക്കുവേണ്ടി കളിച്ചു. പിന്നീട് യുഎസ്എയിലേക്ക് ചേക്കേറി. ►എൻജിനിയർ സൂപ്പർ മുംബൈയിൽ ജനിച്ച സൗരഭ് നേത്രവൽക്കറാണ് യുഎസ്എയുടെ സൂപ്പർ ഓവർ എറിഞ്ഞത്. ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട് സൗരഭ്. 2008-09 സീസണ് കൂച്ച് ബെഹർ ട്രോഫിയിൽ ആറ് മത്സരങ്ങളിൽനിന്ന് 30 വിക്കറ്റ് വീഴ്ത്തിയ ചരിത്രവും ഈ എൻജിനിയറിനു സ്വന്തം. പാക്കിസ്ഥാന് എതിരായ പോരാട്ടത്തിൽ ഇറങ്ങിയ അമേരിക്കയുടെ 11 അംഗ ടീമിലെ എട്ട് പേരും ജനിച്ചത് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, കാനഡ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ. കാനഡയ്ക്കെതിരേ ഇറങ്ങിയ ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഷാഡ്ലി വാൻ ഷാൽക് വിക്കിനു പകരം, അലബാമയിൽ ജനിച്ച ഇന്ത്യൻ വംശജനായ നോസ്തുഷ് കെഞ്ചിഗെ പാക്കിസ്ഥാനെതിരായ ടീമിൽ ഇടം നേടിയതായിരുന്നു ഏകമാറ്റം.
Source link