ബി.ജെ.പി അജൻഡയ്ക്കും നയങ്ങൾക്കും സഖ്യകക്ഷികളുടെ കടിഞ്ഞാൺ
ന്യൂഡൽഹി: സഖ്യകക്ഷികളുടെ മേധാവിത്വത്തിന് വഴങ്ങേണ്ടി വരുന്ന മൂന്നാമൂഴത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പിയുടെ നയങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ബി.ജെ.പി കഴിഞ്ഞാൽ വലിയ കക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും നിലപാടുകളുമായി പൊരുത്തപ്പെടുന്ന നയങ്ങളേ ബി.ജെ.പിക്ക് നടപ്പാക്കാനാകൂ.
സർക്കാരിന് പൊതുമിനിമം പരിപാടി വേണമെന്ന നിതീഷ് കുമാറിന്റെ ആവശ്യം ബി.ജെ.പിയുടെ തന്നിഷ്ടം നടക്കില്ലെന്നുള്ള മുന്നറിയിപ്പാണ്.
പ്രതിപക്ഷം ഏറെ എതിർത്ത, അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് പറഞ്ഞ പുതിയ സേനാ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിൽ ജെ.ഡി.യു കുരുക്കിട്ടുകഴിഞ്ഞു. ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിനുശേഷം ജെ.ഡി.യു വക്താവ് കെ.സി. ത്യാഗിയാണ് പദ്ധതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്. സമഗ്ര ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. ജെ.ഡി.യുവിന്റെ ആവശ്യം പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കുകയും ചെയ്തു.
2022 ജൂണിൽ ആരംഭിച്ച പദ്ധതിക്കെതിരെ വിമർശനമുയർന്ന പശ്ചാത്തലത്തിൽ സേനയ്ക്കുള്ളിൽ അഭിപ്രായ സർവേ തുടങ്ങുന്നുണ്ട്. പരിഷ്കരിക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കുകയും ചെയ്തു.
ജെ.ഡി.യു-ബി.ജെ.പി ഭിന്നതയ്ക്ക് സാദ്ധ്യതയുള്ള മറ്റൊരു വിഷയം ജാതി സെൻസസാണ്. ബിഹാറിൽ മഹാമുന്നണിയുടെ ഭാഗമായിരുന്നപ്പോൾ, ജെ.ഡി.യു സർവെ നടത്തിയിരുന്നു. കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വ്യാപകമായി ജാതി സെൻസസ് പ്രചാരണായുധമാക്കിയിരുന്നു. എൻ.ഡി.എ സർക്കാരിൽ വിലപേശൽ ശക്തി ലഭിച്ച ജെ.ഡി.യുവിന്റെ നിലപാട് ബി.ജെ.പിക്ക് തലവേദനയാകും. ബി.ജെ.പി കടുംപിടുത്തം ഉപേക്ഷിക്കുകയോ, ജെ.ഡി.യുവിനെ അനുനയിപ്പിക്കുകയോ ചെയ്യേണ്ടിവരും. ഏക സിവിൽ കോഡ് വിഷയത്തിൽ എതിർപ്പില്ലെന്ന് ജെ.ഡി.യു പറഞ്ഞത് ബി.ജെ.പിക്ക് ആശ്വാസമായി. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, നിയമം, ഐ.ടി തുടങ്ങിയ വകുപ്പുകൾ ബി.ജെ.പി കൈവിടില്ലെങ്കിലും പ്രാധാന്യമുള്ള നിരവധി വകുപ്പുകൾ സഖ്യകക്ഷികൾക്ക് നൽകേണ്ടി വരുന്നത് ബി.ജെ.പി നയങ്ങൾക്ക്തിരിച്ചടിയാവും.
മന്ത്രിസഭ രൂപീകരണ ചർച്ചയ്ക്ക്
വേദിയായി നദ്ദയുടെ വസതി
ന്യൂഡൽഹി: എൻ.ഡി.എ കക്ഷികളുടെ പിന്തുണ ഉറപ്പായതിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു ഇന്നലെ ബി.ജെ.പി നേതൃത്വം. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ മോത്തിലാൽ മാർഗിലെ 7-ബി വസതിയിലാണ് നേതാക്കൾ ഒത്തുകൂടിയത്.
രാവിലെ തുടങ്ങിയ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, മൻസുഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരായ തരുൺ ചുഗ്, വിനോദ് താവ്ഡെ തുടങ്ങിയവരും പങ്കെടുത്തു. ഉച്ചയോടെ രാജ്നാഥ് സിംഗ് അടക്കം മിക്ക നേതാക്കളും മടങ്ങിയെങ്കിലും അമിത് ഷാ ചർച്ച തുടർന്നു.
മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ സഖ്യകക്ഷികളുടെ ഉപാധികളും ബി.ജെ.പി എം.പിമാരിൽ പുതുതായി ആരെയൊക്കെ മന്ത്രിമാരാക്കണമെന്നതും ചർച്ചയായെന്നാണ് സൂചന.
ജെ.ഡി.യുവിന് വിലപേശൽ ശക്തിലഭിച്ച പശ്ചാത്തലത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷിന്റെ കാമരാജ് ലെയിനിലെ ആറാം നമ്പർ വസതിയിലും സമാന്തര യോഗം നടന്നു. ലാലൻ സിംഗ്, കെ.സി. ത്യാഗി, ഹർഷവർധൻ സിംഗ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മന്ത്രിസ്ഥാനങ്ങളിലടക്കം ഉപാധികൾ മുന്നോട്ടുവച്ചെന്ന വാർത്തകൾ നേതാക്കൾ തള്ളി. പ്രധാനമന്ത്രിക്ക് നിരുപാധിക പിന്തുണയാണ് നൽകുന്നതെന്ന് ലാലൻ സിംഗ് പറഞ്ഞു. അതേസമയം ബീഹാറിന് പ്രത്യേക പദവി, ജാതി സെൻസസ്,അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കൽ തുടങ്ങിയ നിലപാടുകൾ ആവർത്തിച്ചു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് പാർട്ടി എതിരല്ലെന്നും കൂടിയാലോചന വേണമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച എൻ.ഡി.എ യോഗത്തിനു ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വിജയവാഡയിലെ വസതിയിൽ പാർട്ടി എംപിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാക്കളും ഡൽഹിയിൽ തിരക്കിട്ട ചർച്ചകളിലായിരുന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജി പാർട്ടി നേതാവ് ഡെറക് ഒബ്രിയാനൊപ്പം സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായും ആം ആദ്മി പാർട്ടി എം.പിമാരായ രാഘവ് ഛദ്ദയും സഞ്ജയ് സിംഗും ശിവസേന(ഉദ്ധവ്) വിഭാഗം നേതാവ് സഞ്ജത് റാവത്തിന്റെ വസതിയിലും ചർച്ചകൾ നടത്തി.
മന്ത്രിസഭയ്ക്ക് എൻ.ഡി.എ ഇന്ന്
അവകാശവാദം ഉന്നയിക്കും
ന്യൂഡൽഹി: ഒരുവശത്ത് സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, 18-ാം ലോക്സഭ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി. രാഷ്ട്രപതി ഭവൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ, ലോക്സഭാ സെക്രട്ടേറിയറ്റ് എന്നിവ കേന്ദ്രീകരിച്ചാണിത്. കേന്ദ്രമന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്ച 17-ാം ലോക്സഭ പിരിച്ചുവിട്ട് വിജ്ഞാപനമിറക്കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ പട്ടിക അടങ്ങിയ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി.
ഇതിന്റെ തുടർച്ചയായി ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി നേതാക്കൾഇന്ന് രാഷ്ട്രപതിയെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും. ഇതിനായി ലോക്സഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ എം.പിമാരുടെ പട്ടിക കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയെ സർക്കാർ രൂപീകരണത്തിനായി രാഷ്ട്രപതി ക്ഷണിക്കുന്നതോടെയാണ് സത്യപ്രതിജ്ഞയ്ക്കുള്ള ഉത്തരവിറങ്ങുക. തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ രജിസ്ട്രേഷൻ നടപടികൾ പാർലമെന്റിൽ തുടങ്ങി. ലോക്സഭാ സെക്രട്ടേറിയറ്റ് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
Source link