മുംബയ്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവും പാർട്ടിയുടെ പ്രകടനവും വിലയിരുത്താൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ എൻ.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുംബയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേർന്നത്.
പാർട്ടി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലുൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. അജിത്തിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി സംസ്ഥാനത്ത് നാല് ലോക്‌സഭാ സീറ്റുകളിൽ മത്സരിച്ചെങ്കിലും റായ്ഗഡിൽ മാത്രമാണ് ജയിക്കാനായത്. പവാർ കുടുംബം ഏറ്റുമുട്ടിയ ബാരാമതിയിൽ അജിത്തിന്റെ ഭാര്യ സുനേത്ര പവാർ ശരദ് പവാറിന്റെ മകളും എൻ.സി.പി എം.പിയുമായ സുപ്രിയ സുലെയോട് പരാജയപ്പെട്ടിരുന്നു. പാർട്ടിക്ക് ഇത്രയും തകർച്ച സംഭവിച്ച സാഹചര്യത്തിലാണ് ഇന്നലെ യോഗം വിളിച്ചത്. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വലിയ ആഘാതമാണ്. കഴിഞ്ഞ വർഷം ജൂലായിലാണ് എൻ.സി.പി പിളർത്തിക്കൊണ്ട് അജിത് പക്ഷം ബി.ജെ.പിക്കൊപ്പം ചേർന്നത്.
നേതാക്കൾ
ശരദ് പക്ഷത്തേക്ക് ?
അതിനിടെ അജിത് പവാറിന്റെ എൻ.സി.പി വിഭാഗത്തിലെ 10-15 എം.എൽ.എമാർ ശരദ് പവാർ വിഭാഗവുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ വന്നു. നിരവധി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് എൻ.സി.പി (ശരദ് വിഭാഗം) സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ പറഞ്ഞത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉടൻ മന്ത്രിസഭാ വിപുലീകരണം നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, സഖ്യമായി മത്സരിച്ചതിനാൽ പരാജയം ബി.ജെ.പി, ശിവസേന, എൻ.സി.പി എന്നീ മൂന്ന് പാർട്ടികളുടേയും കൂട്ടുത്തരവാദിത്വമാണെന്ന നിലപാടിലാണ് ഷിൻഡെ. സംസ്ഥാനത്ത് ബി.ജെ.പി എം.പിമാരുടെ എണ്ണം 23ൽ നിന്ന് ഒമ്പതായി കുറഞ്ഞതിന് പിന്നാലെയാണ് ഫഡ്നാവിസ് രാജി സന്നദ്ധത അറിയിച്ചത്.
പ്രതിപക്ഷ നേതാവ്: രാഹുലിന്റെ
തീരുമാനം കാത്ത് കോൺഗ്രസ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവാകണമെന്ന ആവശ്യം കോൺഗ്രസിലും ’ഇന്ത്യ” മുന്നണിയിലും ശക്തമാകുന്നു. അതേസമയം തീരുമാനം രാഹുലിന് വിട്ടു. ജയിച്ച വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ ഏത് നിലനിർത്തണമെന്നതിലും രാഹുലിന്റെ തീരുമാനം കാക്കുകയാണ് പാർട്ടി. പ്രതിപക്ഷ നേതൃ സ്ഥാനം ലഭിച്ചാൽ രാഹുലിന് സഭയിലും പുറത്തും കേന്ദ്ര സർക്കാരിനെതിരായ ആക്രമണത്തിന് ചുക്കാൻ പിടിക്കാമെന്നതാണ് നേതാക്കൾ പറയുന്നത്. പ്രതിപക്ഷ നേതാവായാൽ ലഭിക്കുന്ന സ്വീകാര്യത രാഹുലിന് ഗുണം ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ നിരസിച്ചാൽ കെ.സി. വേണുഗോപാലടക്കം മുതിർന്ന നേതാക്കളെ പരിഗണിച്ചേക്കും. കർണാടകയിൽ നിന്നുള്ള മല്ലികാർജ്ജുന ഖാർഗെ രാജ്യസഭാ നേതാവാണ്. ലോക്സഭയിലും മറ്റൊരു ദക്ഷിണേന്ത്യൻ നേതാവിനെ പരിഗണിക്കുമോയെന്ന് വ്യക്തമല്ല.
Source link