വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുഎൻ സ്കൂളിൽ 35 പേർ കൊല്ലപ്പെട്ട വ്യോമാക്രമണം സംബന്ധിച്ച് ഇസ്രയേൽ പൂർണ സുതാര്യത പുലർത്തണമെന്ന് അമേരിക്ക. കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പേരുവിവരങ്ങൾ ഇസ്രയേൽ പുറത്തുവിടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ആവശ്യപ്പെട്ടു. ആക്രമണത്തിൽ 14 കുട്ടികളും കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചത്താലത്തിലാണ് അമേരിക്കയുടെ ആവശ്യം. സെൻട്രൽ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിൽ പലസ്തീനികൾ തിങ്ങിനിറഞ്ഞ യുഎൻ സ്കൂളിൽ വ്യാഴാഴ്ച പുലർച്ചെ മിസൈൽ ആക്രമണമുണ്ടാവുകയായിരുന്നു. 20-30 തീവ്രവാദികളെ വധിച്ചുവെന്നാണ് ഇസ്രേലി സേന പറഞ്ഞത്. എന്നാൽ 14 കുട്ടികളും ഒന്പതു സ്ത്രീകളും കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെട്ടു. 14 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടെന്നും റിപ്പോർട്ട് ശരിയെങ്കിൽ അവർ തീവ്രവാദികളല്ലെന്നും മാത്യു മില്ലർ പറഞ്ഞു. സംഭവത്തിലേക്കു വെളിച്ചംവീശുന്ന എല്ലാ വിവരങ്ങളും ഇസ്രയേൽ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒന്പത് ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികളുടെ പേരുകൾ ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി പുറത്തുവിട്ടു. മറ്റുള്ളവരുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമാക്രമണങ്ങളിൽ ലക്ഷ്യമിടുന്ന തീവ്രവാദികളുടെ പേരുവിവരങ്ങൾ ഇസ്രേലി സേന കൂടെക്കൂടെ പുറത്തുവിടാറുള്ളതാണ്. എന്നാൽ അമേരിക്ക ഇസ്രയേലിനോട് ഇക്കാര്യം ആവശ്യപ്പെടുന്നത് പതിവുള്ള കാര്യമല്ല. ആക്രമണസമയത്ത് 6000 പേർ സ്കൂൾ വളപ്പിൽ അഭയം തേടിയിരുന്നുവെന്നാണ് യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ അറിയിച്ചത്.
Source link