രാജ്യസഭാ സീറ്റ്: വിട്ടുവീഴ്ചയ്ക്ക് സി.പി.എമ്മിനു മേൽ സമ്മർദ്ദം
തിരുവനന്തപുരം : രാജ്സഭാ സീറ്റ് വീതം വയ്പ് കീറാമുട്ടിയായിരിക്കെ,എൽ.ഡി.എഫിന് രണ്ട് രാജ്യസഭാ സീറ്റുകൾ അംഗത്വമൊഴിയുന്ന സി.പി.ഐക്കും,കേരള കോൺഗ്രസ്-മാണി വിഭാഗത്തിനുമായി നൽകുന്നതിന് സി.പിഎം വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം
ശക്തം. എളമരം കരീം ഒഴിയുമ്പോഴും, പാർട്ടിക്ക് രാജ്യസഭയിൽ മൂന്ന് അംഗങ്ങളുള്ള പശ്ചാത്തലത്തിലാണിത്. ജോൺ ബ്രിട്ടാസ്,പി.ശിവദാസൻ,എ.എ.റഹിം എന്നിവരാണ് നിലവിലെ അംഗങ്ങൾ. അതേസമയം, പുതിയ ലോക്സഭയിൽ നാല് അംഗങ്ങൾ മാത്രമുള്ള സി.പി.എം ഈ ആവശ്യത്തിന് വഴങ്ങുമോ എന്നതാണ് പ്രശ്നം. ഇന്ന് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭാ സീറ്റ് വിഷയം ചർച്ച ചെയ്യും.രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് ഒഴിവുകളിലേക്ക് പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ
തുടങ്ങി.അവസാന തിയതി 13 ആണ്.യു.ഡി.എഫിന് ലഭിക്കുന്ന ഒരു സീറ്റ് മുസ്ലിം ലീഗിനാണ്.ലീഗ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല.
സി.പി.ഐക്ക് രാജ്യസഭയിൽ നിലവിൽ ഒരംഗം ( പി.സന്തോഷ് കുമാർ) ഉണ്ടെങ്കിലും,
പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിയുന്ന സീറ്റ് കിട്ടിയേ തീരൂ എന്ന നിലപാടിലാണ്. പ്രത്യേകിച്ച്, സംസ്ഥാനത്ത് പാർട്ടി മത്സരിച്ച നാല് ലോക്സഭാ സീറ്റിലും പരാജയപ്പെട്ടിരിക്കെ. കോട്ടയം സീറ്റിലെ തോൽവിയെ തുടർന്ന് ലോക്സഭയിൽ അംഗമില്ലാതായ കേരള കോൺഗ്രസ് -എമ്മിന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഒഴിയുന്ന രാജ്യസഭാ സീറ്റ് തിരികെ ലഭിച്ചില്ലെങ്കിൽ പാർലമെന്റിൽ പ്രാതിനിദ്ധ്യം ഇല്ലാതാവും.
അതേസമയം, കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ വിജയത്തോടെ,ജോസഫ് വിഭാഗത്തിന് എം.പി സ്ഥാനത്തിന് പുറമെ,സംസ്ഥാന പാർട്ടി പദവിയും കൈവരും. പാർട്ടി പേരും ചിഹ്നവും സംബന്ധിച്ച കേസിൽ ഇത് നിർണ്ണായകമാവും.
ചൂണ്ടയിടാൻ
യു.ഡി.എഫ്
കോട്ടയത്തെ തോൽവിക്ക് പുറമെ,തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടിയും കേരള കോൺഗ്രസ്- എമ്മിൽ അസ്വാരസ്യങ്ങളും അതൃപ്തിയും ഉളവായിട്ടുണ്ട്. കൈവശമിരുന്ന രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചാൽ യു.ഡി.എഫിലേക്ക് മടങ്ങിപ്പോകണമെന്ന ആവശ്യവും ശക്തം. പാർട്ടിയിൽ പിളർപ്പിനുവരെ ഇത് വഴിവച്ചേക്കാം. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ചൂണ്ടയുമായി യു.ഡി.എഫും. മാണി വിഭാഗത്തെ കൂടി മുന്നണിയിലെത്തിച്ചാൽ അടുത്ത തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ
മികച്ച രീതിയിൽ കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.ഇതും സി.പി.എമ്മിൽ
സമ്മർദ്ദമേറ്റുന്നു.
തിരിച്ചടി സി.പി.എം
വിലയിരുത്തും
പാർലമെന്റ് തിരഞ്ഞടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തൽ
സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ നടത്തും.16 മുതൽ 5 ദിവസം നീളുന്ന സംസ്ഥാന
നേതൃയോഗങ്ങളിൽ പാട്ടി ജില്ലാ കമ്മിറ്റികളുടെ റിപ്പോട്ടുകളിൽ വിശദ ചർച്ച നടക്കും.
Source link