തൃശൂർ : കെ.മുരളീധരന്റെ തോൽവിക്ക് പിന്നാലെ തൃശൂരിലെ കോൺഗ്രസിൽ കലാപം. തിരഞ്ഞെടുപ്പ് സമിതി ചെയർമാനും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ ടി.എൻ.പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരുടെ രാജിക്കായി മുറവിളി ശക്തമായി.
കെ.മുരളീധരനെ കുരുതികൊടുത്ത പ്രതാപനും ജോസും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടിക എടമുട്ടം സ്വദേശി ഇസ്മയിൽ അറയ്ക്കൽ ഡി.സി.സി ഓഫീസിനു മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തി.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ തുടങ്ങിയ നേതാക്കൾക്കെതിരെയും വിമർശനമുയർന്നു. ടി.എൻ.പ്രതാപനും ജോസ് വള്ളൂരും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടിന്റെ കുറവാണ് യു.ഡി.എഫിനുണ്ടായത്. മുക്കാൽ ലക്ഷം വോട്ടിനാണ് കെ.മുരളീധരൻ സുരേഷ് ഗോപിയോട് പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനമുണ്ടായില്ലെന്ന് മുരളീധരൻ തുറന്നടിച്ചിരുന്നു. കെ.മുരളീധരനെ വയനാട് രാഹുൽ ഗാന്ധി ഒഴിയുകയാണെങ്കിൽ അവിടെ മത്സരിപ്പിക്കുന്നതും ആലോചിക്കുന്നുണ്ട്. കെ.മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് ടി.എൻ.പ്രതാപൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബി.ജെ.പിക്ക് തൃശൂരിലുണ്ടായ വൻ മുന്നേറ്റത്തിന് കാരണം സി.പി.എം -ബി.ജെ.പി ഡീലാണെന്നാണ് ജോസ് വള്ളൂരിന്റെ വാദം. തൃശൂരിലെ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് രാജീവ്ഗാന്ധി കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
കെ.മുരളീധരനെ
അനുനയിപ്പിക്കാൻ
സുധാകരനെത്തി
കോഴിക്കോട്: തൃശൂരിലെ തോൽവിയോടെ ഇടഞ്ഞ് നിൽക്കുന്ന കെ.മുരളീധരനെ അനുനയിപ്പിക്കാൻ സമവായ ഫോർമുലകളുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെത്തി. തോൽവിയ്ക്കു ശേഷം രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച മുരളീധരനെ കെ.സി.വേണുഗോപാലടക്കം നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാതിരുന്നപ്പോഴാണ് കെ.സുധാകരൻ നേരിട്ടെത്തിയത്.
ഇന്നലെ വൈകിട്ട് മുരളീധരന്റെ കോഴിക്കോട് ബിലാത്തിക്കുളത്തെ വീട്ടിലെത്തിയാണ് സുധാകരൻ കണ്ടത്. 40 മിനിട്ടോളം ഇരുവരും സംസാരിച്ചു.കെ. മുരളീധരനെ പൊതുപ്രവർത്തന രംഗത്ത് തിരിച്ചുകൊണ്ടുവരേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന് സുധാകരൻ പറഞ്ഞു. വൈകാരിക പരാമർശമാണ് അദ്ദേഹം നടത്തിയത്. മുരളീധരന് ഓഫറുകൾ നൽകിയിട്ടില്ല. ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിട്ടില്ല. അർഹിക്കുന്ന പദവി നൽകുന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും. കെ.പി.സി.സി അദ്ധ്യക്ഷ പദവിയടക്കം ചർച്ചയാകും. തൃശൂരിൽ സംഘടനാ രംഗത്ത് പാളിച്ചയുണ്ട്. അത് പാർട്ടി പരിശോധിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. രാവിലെ എം.കെ.രാഘവനും മുരളീധരനെ കോഴിക്കോട്ടെ വീട്ടിലെത്തി കണ്ടിരുന്നു. പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന് തുറന്നടിച്ച മുരളീധരൻ ബുധനാഴ്ച കോഴിക്കോട്ടെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാൻ തയ്യാറായില്ല.
Source link