ഫുട്ബോർഡിൽ നിന്ന് തെറിച്ചുവീഴാതെ യുവാവിനെ ഒറ്റ കൈകൊണ്ട് പിടിച്ചുനിർത്തി, സ്വകാര്യ ബസ് കണ്ടക്‌ടർക്ക് അഭിനന്ദന പ്രവാഹം
കൊല്ലം: സ്വകാര്യബസിൽ നിന്നും പുറത്തേക്ക് തെറിച്ചുപോകാൻ തുടങ്ങിയ യാത്രക്കാരനെ മിന്നൽവേഗത്തിൽ കൈപിടിച്ചുകയറ്റി രക്ഷിച്ച് കണ്ടക്‌ടർ. ചവറ-അടൂർ-പന്തളം റൂട്ടിലോടുന്ന ‘സുനിൽ’ ബസിലാണ് സംഭവം. കൊല്ലം കാരാളിമുക്കിൽ വച്ചാണ് സംഭവമുണ്ടായത്. ടിക്കറ്റ് എടുത്തശേഷം മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊടുന്നനെ യാത്രക്കാരൻ കൈവിട്ട് വീഴാൻ തുടങ്ങിയത്. ഉടൻ തിരിഞ്ഞുപോലും നോക്കാതെ കണ്ടക്‌ടർ ബിജിത്ത് ലാൽ യാത്രക്കാരനെ പിടിച്ച് രക്ഷിക്കുകയായിരുന്നു.
വീഴാൻ പോകുന്നതിനിടെ ഇടത് കൈയിലെ ഒരു വിരൽ മാത്രമാണ് യുവാവിന് പിടിയിൽ പിടിക്കാനായത്. എന്നാൽ യുവാവിന്റെ പുറംതട്ടി വണ്ടിയുടെ ഡോർ തുറന്നു. ഇതിനിടെ ബിജിത്ത് ഇയാളെ പിടിച്ചതുകൊണ്ട് വൻ ദുരന്തം ഒഴിവായി. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ബിജിത്ത് ലാലിന് മോട്ടോർ വാഹന വകുപ്പിന്റേതകടക്കം നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. എംവിഡിയ്‌ക്കായി പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജിത്ത് ലാലിനെ പൊന്നാട ചാർത്തി ആദരിച്ചു.
വിജയിയുടെ സിനിമയിൽ കാണുന്നപോലെ മാസ് സീനാണ് ഇതെന്നും രജനീകാന്ത് പണ്ട് കണ്ടക്‌ടർ ആയിരുന്നു എന്നുപറഞ്ഞത് ഇപ്പോൾ വിശ്വസിക്കുന്നു എന്നുമെല്ലാം നിരവധി കമന്റുകളാണ് വീഡിയോ പങ്കുവച്ചതോടെ ജനങ്ങൾ പറയുന്നത്. അതേസമയം ടിക്കറ്റെടുത്ത ശേഷം മുന്നിലേക്ക് പോകാൻ തുടങ്ങവെയാണ് യാത്രക്കാരൻ വീഴാൻ പോയതെന്നും ഡോർ തുറന്ന് വീഴുന്നതിന് മുൻപ് എന്റെ കൈയിൽ തട്ടിയതുകൊണ്ട് ചാടിപ്പിടിക്കാൻ കഴിഞ്ഞെന്നും ഭയന്നുപോയ യാത്രക്കാരൻ ഇറങ്ങേണ്ട സ്റ്റോപ് കഴിഞ്ഞാണ് ഇറങ്ങാനായതെന്നും പിടിച്ച ഉടൻ സുരക്ഷിതമായി പോയി ഇരിക്കാൻ ആവശ്യപ്പെട്ടെന്നും ഒരു മാദ്ധ്യമത്തോട് ബിജിത്ത് ലാൽ പ്രതികരിച്ചു.
Source link