സ്റ്റോയിൻസ് ഷോ
ബ്രിഡ്ജ്ടൗൺ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഒമാനെ 39 റണ്‍സിന് തകർത്ത് ഓസ്ട്രേലിയ. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മാർകസ് സ്റ്റോയിൻസാണ് ഓസ്ട്രേലിയയ്ക്ക് ജയമൊരുക്കിയത്. സ്റ്റോയിൻസ് ആണ് കളിയിലെ താരം, 36 പന്തിൽ പുറത്താകാതെ 67 റണ്‍സും 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും. ജയത്തോടെ ഓസീസ് രണ്ടു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 164/5. ഒമാൻ 20 ഓവറിൽ 125/9. ടോസ് നേടിയ ഒമാൻ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 50/3 എന്ന നിലയിൽ പരുങ്ങിയ ഓസ്ട്രേലിയയെ സ്റ്റോയിൻസാണ് കരകയറ്റിയത്. ഒപ്പം തന്റെ അവസാന ടൂർണമെന്റ് കളിക്കുന്ന ഡേവിഡ് വാർണർ (51 പന്തിൽ 56 റണ്‍സ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 102 റണ്‍സ് പിറന്നു. ഓപ്പണറായ ട്രാവിസ് ഹെഡ് (12), ക്യാപ്റ്റൻ മിച്ചൽ മാർഷ് (14), ഗ്ലെൻ മാക്സ്വെൽ (0), ടിം ഡേവിഡ് (9) എന്നിവർ നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ ആറ് റണ്‍സ് എടുക്കുന്പോൾ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. 36 റണ്‍സ് എടുത്ത അയാൻ ഖാനാണ് അവരുടെ ടോപ് സ്കോറർ. സ്റ്റോയിൻസിനെ കൂടാതെ ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്, നഥാൻ എല്ലിസ്, ആദം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സാംപ @300 ട്വന്റി-20 ക്രിക്കറ്റിൽ 300 വിക്കറ്റ് പൂർത്തിയാക്കുന്ന രണ്ടാമത് ഓസ്ട്രേലിയൻ ബൗളർ എന്ന നേട്ടത്തിൽ സ്പിന്നർ ആദം സാംപ. ഐസിസി ട്വന്റി-20 ലോകകപ്പിൽ ഒമാന്‍ എതിരേ രണ്ട് വിക്കറ്റ് നേടിയതോടെ ഈ ഫോർമാറ്റിൽ സാംപയുടെ ആകെ വിക്കറ്റ് 301 ആയി. ആൻഡ്രു ടൈയാണ് (332) ആദ്യമായി 300 വിക്കറ്റ് കടന്ന ഓസീസ് ബൗളർ.
Source link