ഷ്യാങ്ടെക്-പവോലീനി ഫൈനൽ
പാരീസ്: ലോക ഒന്നാം നന്പറും വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യനുമായ ഇഗാ ഷ്യാങ്ടെക് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ. ഫൈനലിൽ ലോക ഒന്നാം നന്പർ ഷ്യാങ്ടെക് ഇറ്റലിയുടെ ജസ്മിൻ പവോലിനിയെ നേരിടും. നാളെയാണ് ഫൈനൽ. മൂന്നാം റാങ്ക് താരം അമേരിക്കയുടെ കൊക്കൊ ഗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-4) പരാജയപ്പെടുത്തിയാണ് പോളിഷ് താരം ഫൈനലിലെത്തിയത്. ആദ്യ സെറ്റ് അനായാസം നേടിയ ലോക ഒന്നാം റാങ്കുകാരി രണ്ടാം സെറ്റിൽ 3-1ന് പിന്നിൽനിന്നശേഷമാണ് തിരിച്ചുവന്നത്. രണ്ടാം സെമിയിൽ പവോലിനി നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-1) റഷ്യയുടെ മിറ ആൻഡ്രീവയെ പരാജയപ്പെടുത്തി. 15-ാം റാങ്കുകാരിയായ പവോലിനിയുടെ ആദ്യ ഗ്രാൻസ് ലാം ഫൈനലാണ്. ലോക രണ്ടാം നന്പറായ ബെലൂറൂസിന്റെ അരീന സബലെങ്കയെ ക്വാർട്ടറിൽ അട്ടിമറിച്ചാണ് റഷ്യൻ കൗമാരതാരമായ മിറ ആൻഡ്രീവ വനിതാ സിംഗിൾസ് സെമിയിൽ എത്തിയത്. ബൊപ്പണ്ണ പുറത്ത് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എബ്ഡെൻ സഖ്യം സെമിയിൽ പരാജയപ്പെട്ടു. ഇറ്റലിയുടെ സിമോണെ ബൊലെല്ലി-ആൻഡ്രിയ വാവസോറി സഖ്യമാണ് ബൊപ്പണ്ണ-എബ്ഡെൻ കൂട്ടുകെട്ടിനെ തോൽപ്പിച്ചത്. സ്കോർ: 5-7, 6-2, 2-6.
Source link