വാക്കുതർക്കത്തിനിടെ മണ്ണെണ്ണ  ഒഴിച്ച് തീകൊളുത്തി; മലപ്പുറത്ത് സഹോദരങ്ങളായ വീട്ടമ്മമാ‌ർ മരിച്ചു

മലപ്പുറം: എടപ്പാൾ പോത്തനൂരിൽ സഹോദരങ്ങളായ വീട്ടമ്മമ്മാർ പൊള്ളലേറ്റ് മരിച്ചു. പോത്തനൂർ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

വെെകിട്ട് ആറ് മണിയോടെ പോത്തനൂരിലെ വീട്ടിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പൊള്ളൽ ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഇരുവരും ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

ഭർത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളില്ല. കൂറ്റനാട് വാവനൂരിൽ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകൾക്കൊപ്പം ഇന്നലെ വെെകിട്ടാണ് മാണിക്യപാലത്തെ കല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. ഇതിനിടെയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയുമായിരുന്നുവെന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് തങ്കമണിക്ക് പൊള്ളലേറ്റത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


Source link
Exit mobile version