വെള്ളച്ചാട്ടത്തിലും ‘മേഡ് ഇൻ ചൈന’
ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടത്തിൽ കൃത്രിമം. യുന്റായി മലയുടെ മുകളിൽനിന്നുള്ള വെള്ളച്ചാട്ടം പൈപ്പിട്ട് വെള്ളം പന്പ് ചെയ്തുണ്ടാക്കുന്നതാണെന്നാണു തെളിഞ്ഞത്. ഇതു വരൾച്ചക്കാലത്തേക്കു മാത്രമാണെന്നാണു ചൈനീസ് അധികൃതരുടെ വിശദീകരണം. യുനെസ്കോയുടെ ഗ്ലോബൽ ജിയോപാർക്ക് ബഹുമതിയുള്ള യുന്റായി മൗണ്ടൻ ജിയോ പാർക്കിലാണ് 312 മീറ്റർ ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടം. ചൈനയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു മലയകറ്റ വിനോദക്കാരൻ യുന്റായി മലയുടെ മുകളിൽ വലിഞ്ഞുകയറിയതാണു പ്രശ്നങ്ങളുടെ തുടക്കം. പാറയ്ക്കുള്ളിൽ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് ഇദ്ദേഹം കണ്ടെത്തി. ഇതിന്റെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് പ്രാദേശിക അധികൃതർക്ക് അന്വേഷണം നടത്തേണ്ടിവന്നു. വരൾച്ചക്കാലത്ത് പാർക്കിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നിരാശയുണ്ടാകാതിരിക്കാൻ ചെയ്ത ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണിതെന്നാണ് യുന്റായി ടൂറിസം പാർക്ക് അധികൃതർ വിശദീകരിച്ചത്. ലക്ഷക്കണക്കിനു പേരാണ് ഓരോ വർഷവും പാർക്ക് സന്ദർശിക്കുന്നത്. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ചൈനീസ് സോഷ്യൽ മീഡിയകളായ വെയ്ബോയിൽ 1.4 കോടി പേരും ഡൗയുനിൽ ഒരു കോടി പേരും വീക്ഷിച്ചു. ചേരിതിരിഞ്ഞുള്ള കമന്റ് ചർച്ചകളുമുണ്ടായി. സന്ദർശകർക്ക് ഒന്നും കാണാതെ തിരിച്ചുപോകാനുള്ള ഈ പരിപാടി നല്ലതാണെന്ന് അനുകൂലികൾ വാദിച്ചു. എന്നാൽ സന്ദർശകരെ നിന്ദിക്കുന്നതിനു തുല്യമാണെന്നാണ് എതിരാളികൾ പറഞ്ഞത്.
Source link