ഡി-ഡേ അനുസ്മരണത്തിൽ യൂറോപ്പ്

പാരീസ്: നാസികളിൽനിന്ന് യൂറോപ്പിനെ രക്ഷിക്കാൻ സഖ്യകക്ഷിസേന ഫ്രാൻസിലെ നോർമൻഡി തീരത്ത് കാലുകുത്തിയതിന്റെ (ഡി-ഡേ) 80-ാം വാർഷികം ഇന്നലെ ആചരിച്ചു. ഫ്രാൻസിൽ നടന്ന ചടങ്ങുകളിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇരുന്നൂറോളം സൈനികരും യുഎസ് പ്രസിഡന്റ് ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ചാൾസ് രാജാവ് മുതലായവരും സന്നിഹിതരായിരുന്നു. ഏകാധിപത്യവും സ്വാതന്ത്ര്യവും തമ്മിലുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്ന് ഫ്രാൻസിൽ നോർമാണ്ടി തീരത്ത് ബൈഡൻ പറഞ്ഞു. ഏകാധിപതിയുടെ പീഡനം നേരിടുന്ന യുക്രെയ്ന്റെ കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഇനിയൊരിക്കലും യുദ്ധം വേണ്ടെന്ന് ഡി-ഡേ അനുസ്മരണത്തോടനുബന്ധിച്ച് ലിസ്യൂവിലെ ബിഷപ് ജാക്വസ് ഹെർബെർട്ടിനയച്ച കത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർഥിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. 1944 ജൂൺ ആറിനാണ് യുഎസിൽനിന്നടക്കമുള്ള ഒന്നര ലക്ഷത്തോളം സൈനികർ ഓപ്പറേഷൻ നെപ്റ്റ്യൺ എന്ന പേരിൽ കടൽ വഴിയും വ്യോമമാർഗവും നോർമണ്ടിയിലെത്തിയത്. ഫ്രാൻസിനെയും തുടർന്ന് പടിഞ്ഞാറൻ യൂറോപ്പിനെയും നാസികളിൽനിന്നു മോചിപ്പിച്ച സേന രണ്ടാം ലോകമഹായുദ്ധത്തിൽ ജയിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഡി-ഡേ അനുസ്മരണ പരിപാടികൾക്കു ക്ഷണിച്ചില്ല.
Source link