യുഎൻ സ്കൂളിൽ ഇസ്രേലി വ്യോമാക്രമണം; 35 മരണം
കയ്റോ: സെൻട്രൽ ഗാസയിൽ നൂറുകണക്കിനു പലസ്തീൻ അഭയാർഥികൾ തിങ്ങിനിറഞ്ഞ യുഎൻ സ്കൂളിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 35 പേർ കൊല്ലപ്പെട്ടു. നുസെയ്റത്ത് അഭയാർഥി ക്യാന്പിൽ അൽ സാർഡി സ്കൂളിലെ രണ്ടു ക്ലാസ് മുറികൾക്കു നേർക്ക് യുദ്ധവിമാനത്തിൽനിന്നു രണ്ടു മിസൈലുകൾ തൊടുക്കുകയായിരുന്നു. ഹമാസിന്റെ കോന്പൗണ്ട് ലക്ഷ്യമിട്ട് കിറുകൃത്യം ആക്രമണമാണു നടത്തിയതെന്നും 20നും 30നും ഇടയ്ക്കു ഭീകരർ കൊല്ലപ്പെട്ടിരിക്കാമെന്നു കരുതുന്നതായും ഇസ്രേലി സേന അറിയിച്ചു. ഇതു നിഷേധിച്ച ഹമാസിന്റെ ആരോഗ്യ മന്ത്രാലയം, 40 പേർ കൊല്ലപ്പെട്ടുവെന്നും ഇതിൽ 14 കുട്ടികളും ഒന്പതു സ്ത്രീകളും ഉൾപ്പെടുന്നുവെന്നും അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ആക്രമണമെന്നു പ്രദേശവാസികൾ പറഞ്ഞു. പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ ആണുസ്കൂൾ നടത്തുന്നത്. മരണസംഖ്യ സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണുള്ളത്. 40 മൃതദേഹങ്ങൾ ലഭിച്ചുവെന്ന് സമീപത്തെ അൽ അഖ്സ ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. 35-45 പേർ മരിച്ചിരിക്കാമെന്ന് യുഎൻ ഏജൻസി വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികൾ സ്കൂളിൽ പ്രവർത്തിച്ചിരുന്നതായി ഇസ്രേലി സേന അറിയിച്ചു. ആക്രമണത്തിൽ ജനങ്ങൾക്ക് അപകടം പറ്റാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, ഹമാസിന്റെ കസ്റ്റഡിയിൽ അവശേഷിച്ച 120 ബന്ദികളിൽ 41 പേർ മരിച്ചിരിക്കാമെന്ന് ഇസ്രേലി സർക്കാർ അനുമാനിക്കുന്നു. ചില ബന്ദികളെ ഭീകരർ വധിച്ചിരിക്കാമെന്നാണ് കരുതുന്നത്.
Source link