250 കി.മീ വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ പറക്കാൻ ഒരുങ്ങുമ്പോൾ; ഇന്ത്യയിലെ 42 ശതമാനം യാത്രക്കാരും പറയുന്നത് ഒന്നുമാത്രം
മുംബയ്: രാജ്യത്തെ റെയിൽ ഗതാഗതം അടിമുടി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. വേഗതയ്‌ക്കൊപ്പം ആഡംബര സൗകര്യങ്ങൾ അടക്കം കോർത്തിണക്കി യാത്രക്കാർക്ക് പുതിയ അനുഭവം പകരുവാൻ റെയിൽവെ ശ്രമിക്കുകയാണ്. വന്ദേഭാരത് എക്സ്പ്രസ്, ഗതിമാൻ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഈ പറഞ്ഞതിന് ഉദാഹരണമാണ്. പുതിയ സാങ്കേതിക വിദ്യയിൽ ഒരുങ്ങിയ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ യാത്രാ സമയത്തിൽ വലിയ കുറവുണ്ടാകാൻ തുടങ്ങി. മാത്രമല്ല, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് യാത്രക്കാർ ഏറ്റെടുത്തതോടെ വലിയ വരുമാനമാണ് റെയിൽവെയ്ക്ക് നൽകിയത്.
കൂടാതെ അടുത്തുതന്നെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. മുംബയ്- അഹമ്മദാബാദ് റൂട്ടിലാണ് ബുള്ളറ്റ് ട്രെയിൻ ആദ്യമായി സർവീസ് നടത്തുക. ഇതിനായുള്ള ജോലികൾ ഒരുഭാഗത്ത് നടക്കുന്നുണ്ട്. ജപ്പാൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 24 ബുള്ളറ്റ് ട്രെയിൻ വാങ്ങാനാണ് പദ്ധതി. 508 കിലോ മീറ്റർ റൂട്ടിൽ 2026 മദ്ധ്യത്തോടെ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
എന്നാൽ ബുള്ളറ്റ് പോലുള്ള അതിവേഗ ട്രെയിൻ സർവീസുകൾ ഇന്ത്യയിൽ സർവീസ് നടത്തുമ്പോൾ സാധാരണക്കാരായ യാത്രക്കാർ എങ്ങനെ സ്വീകരിക്കുമെന്നത് ഒരു ചോദ്യമാണ്. വേഗത കൂടുന്നതിന് അനുസരിച്ച് പണം നൽകാൻ യാത്രക്കാർ തയ്യാറാകുമോ എന്നത് കണ്ടറിയേണ്ടതാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സർവ്വേ റിപ്പോർട്ടാണ് ഫിനാൻഷ്യൽ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. ട്രെയിനുകളുടെ വേഗത കൂടുന്നതിന് അനുസരിച്ചുള്ള പണം നൽകാൻ യാത്രക്കാർ തയ്യാറാകുമോ എന്ന ചോദ്യമാണ് സർവ്വേയിൽ പ്രധാനമായും ചോദിക്കുന്നത്.
റെയിൽ യാത്രി നടത്തിയ സർവ്വേയിൽ സ്ഥിരമായി ട്രെയിനുകളിൽ യാത്ര ചെയ്യുന്ന 15,000 പേരാണ് പങ്കെടുത്തത്. ശരാശരി എത്ര വേഗതയുള്ള ട്രെയിനുകൾക്ക് അധിക തുക നൽകാൻ തയ്യാറാകുമെന്നാണ് സർവ്വേയിൽ പ്രധാനമായും ചോദിക്കുന്നത്. നാല് തരത്തിലുള്ള ട്രെയിൻ സർവീസ് ചൂണ്ടിക്കാട്ടിയാണ് സർവ്വേ. യാത്രക്കാരിൽ നിന്നും വ്യത്യസ്തമായ മറുപടിയാണ് ലഭിച്ചത്.
സർവ്വേയിൽ പങ്കെടുത്ത 59 ശതമാനം യാത്രക്കാരും സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് അധിക തുക നൽകാൻ തയ്യാറാണെന്ന് മറുപടി നൽകി. അതേസമയം, 73 ശതമാനം പേരും 55 കിലോ മീറ്റർ വേഗതയിൽ താഴെ വേഗതയിൽ ഓടുന്ന ട്രെയിനുകൾക്ക് അധിക തുക നൽകാൻ തയ്യാറല്ല. 50 മുതൽ 75 കിലോ മീറ്റർ വേഗത കൈവരിക്കുന്ന ട്രെയിനുകൾക്ക് അധിക തുക നൽകാൻ 23 ശതമാനം യാത്രക്കാർ തയ്യാറാണെന്ന് സർവ്വേയിൽ പറയുന്നു. സർവ്വേയിൽ പങ്കെടുത്ത 41 ശതമാനം പേരും 75 മുതൽ 100 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് അധിക തുക നൽകാമെന്ന് മറുപടി നൽകി.
എന്നിരുന്നാലും, ട്രെയിനിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ കവിഞ്ഞാലും അധിക തുക നൽകാൻ തയ്യാറല്ലെന്ന് പറഞ്ഞ 42 ശതമാനം യാത്രക്കാരുണ്ട്. സർവ്വേയിലെ ഏറ്റവും രസകരമായ മറുപടിയാണിത്. അതേസമയം, 2026 ഓടെ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിനിന് 250 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഇതുവരെ 12 മണിക്കൂർ ആവശ്യമായ യാത്രകൾക്ക് മൂന്നര മണിക്കൂർ മാത്രം മതിയാകും. ഈ വേഗത കൈവരിക്കുന്നത് കൊണ്ടുതന്നെ നിരക്കും ആ തരത്തിലാകും. ഇത് സാധാരണ യാത്രക്കാർക്ക് എത്രത്തോളം ഏറ്റെടുക്കുമെന്ന് കണ്ടറിയണം. നിലവിൽ ഇന്ത്യയിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ സാധാരണക്കാരായ യാത്രക്കാരുടെ സാന്നിദ്ധ്യം വളരെ കുറവാണ്.
Source link