കെ-ഡിസ്കിലൂടെ 20ലക്ഷം തൊഴിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ- ഡിസ്കിലൂടെ (കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) സംസ്ഥാനത്തെ 20ലക്ഷം യുവാക്കൾക്ക് വിദേശത്തും സ്വദേശത്തുമായി ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കെ- ഡിസ്‌ക് സംഘടിപ്പിച്ച എംപ്ലോയേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള വ്യവസായമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. അതിലൂടെ വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇതു പ്രയോജനപ്പെടുത്തി യുവാക്കൾക്ക് തൊഴിൽ നൽകുകയാണ് കെ-ഡിസ്ക് ചെയ്യുന്നത്. ഇതിനകം 1,10,000ത്തിലധികം തൊഴിൽ ലഭ്യമാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം കൈമാറ്റവും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്നു.
കെ-ഡിസ്‌ക് എക്സിക്യുട്ടീവ് വൈസ് ചെയർമാൻ കെ.എം.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി പി.വി. ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രി എക്സിക്യുട്ടീവ് ഡയറക്ടർ സൗഗത റോയ് ചൗധരി, ഐ.സി.ടി അക്കാഡമി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുരളീധരൻ മന്നിംഗൽ എന്നിവർ സംബന്ധിച്ചു
Source link