വെടിനിറുത്തലിന് സമസ്ത; വിട്ടുവീഴ്ച വേണ്ടെന്ന് ലീഗ്
മലപ്പുറം: പൊന്നാനിയിലെയും മലപ്പുറത്തെയും ലീഗിന്റെ വൻവിജയത്തിന് പിന്നാലെ ഐക്യസന്ദേശവുമായി സമസ്ത നേതൃത്വം രംഗത്തുവന്നെങ്കിലും സംഘടനയിലെ പാർട്ടി വിരുദ്ധർക്കെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്‌ലിം ലീഗ്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പേ സമസ്തയിൽ ശുദ്ധികലശമാണ് ലക്ഷ്യം. വിട്ടുവീഴ്ച ചെയ്താൽ പ്രശ്നം ആവർത്തിക്കുമെന്ന അഭിപ്രായത്തിനാണ് ലീഗിൽ മുൻതൂക്കം. ലീഗ് വിരുദ്ധ നേതാക്കൾക്കെതിരെ പരസ്യതാക്കീതിന് സമസ്ത തയ്യാറായാൽ പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന അഭിപ്രായവും ലീഗിലുണ്ട്.സമുദായ ഐക്യം കാത്തുസൂക്ഷിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നലെ കോഴിക്കോട് ചേർന്ന മുഷാവറ യോഗശേഷം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തെറ്റിദ്ധാരണാജനകമായ വാർത്തകളും എഴുത്തും അവസാനിപ്പിക്കണം. ഐക്യത്തിന് വിരുദ്ധമായ പ്രവർത്തനം പാടില്ലെന്നും ആവശ്യപ്പെട്ടു.
സമസ്തയുമായുള്ള ഭിന്നത താഴേത്തട്ടിൽ ഒട്ടും പ്രതിഫലിച്ചില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. വിവാദം ഫലത്തിൽ പ്രവർത്തകരെ സജീവമാക്കി. ലീഗ് വിരുദ്ധർ സജീവമായിരുന്ന പൊന്നാനിയിൽ 2019ലെ ഭൂരിപക്ഷത്തേക്കാൾ അരലക്ഷത്തോളം വോട്ട് അധികം ലഭിച്ചു. മലപ്പുറത്ത് മൂന്ന് ലക്ഷമെന്ന റെക്കാഡ് ഭൂരിപക്ഷവും. ലീഗിന്റെ മുന്നേറ്റം ലീഗ് വിരുദ്ധരായ സമസ്തക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.
സമസ്ത തർക്കത്തിനില്ല
ഇന്നലെ കോഴിക്കോട് ചേർന്ന മുഷാവറാ യോഗം ലീഗുമായി കൂടുതൽ തർക്കങ്ങളിലേക്ക് പോവേണ്ടെന്ന് തീരുമാനിച്ചു. സമസ്തയിലെ ചിലർ സി.പി.എമ്മുമായി അടുക്കുന്നെന്ന ആരോപണം പരസ്യമായി ഉന്നയിച്ച ലീഗ് അനുകൂലിയായ മുഷാവറാംഗം ബഹാവുദ്ദീൻ നദ്‌വിയോട് കൂടുതൽ വിശദീകരണം ചോദിക്കാതെ വിവാദം അവസാനിപ്പിച്ചു. നദ്‌വി നേരത്തെ നൽകിയ വിശദീകരണം തൃപ്തികരമെന്ന് വിലയിരുത്തിയ യോഗം കൂടുതൽ ചർച്ചകൾ വേണ്ടെന്ന് നിലപാടെടുത്തു. സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മർ ഫൈസി മുക്കവും വ്യക്തമാക്കി.
Source link