തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കാൻ അഞ്ചുദിവസത്തെ നേതൃയോഗം വിളിച്ച് സിപിഎം. മറ്റെന്നാൾ ചേരുന്ന സെക്രട്ടറിയേറ്റിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടക്കും. ജൂൺ 16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടറിയേറ്റ്, 18, 19, 20 തീയതികളിലായി സംസ്ഥാന സമിതി യോഗം എന്നിങ്ങനെയാണ് ചേരുന്നത്.
ആലത്തൂരിൽ നിന്ന് ജയിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ ലോക്‌സഭയിൽ എത്തുന്നതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. എംപിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണമെന്നാണ് ചട്ടം. ഇക്കാര്യം മറ്റെന്നാൾ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയാകും. ജൂൺ പത്തിന് നിയമസഭാ സമ്മേളനം തുടങ്ങുന്നത് സംബന്ധിച്ചും പാർട്ടിയുടെ ആലോചനയിലുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയ പിന്നാക്ക, മുസ്ലീം വോട്ട് ബാങ്കുകളിലെ
വലിയ വിള്ളലാണ് എൽഡിഎഫ് വിജയം ഒരു സീറ്റിലൊതുക്കിയ കനത്ത തിരിച്ചടിക്ക് മുഖ്യകാരണമായത്. പിന്നാക്ക – പട്ടിക സമുദായങ്ങൾക്ക് കടുത്ത അവഗണനയാണ് മൂന്ന് വർഷത്തെ ഭരണത്തിൽ നേരിട്ടതെന്ന പരാതിയുയർന്നിരുന്നു.
പി.എസ്.സി റാങ്ക് ലിസ്റ്റുകളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുക്കുത്തികളാക്കിയും, സംവരണം അട്ടിമറിച്ചും
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും, സർക്കാർ സ്‌കൂളുകളിലും മറ്റും വ്യാപകമായി നടക്കുന്ന പിൻവാതിൽ,
കരാർ നിയമനങ്ങളിലുള്ള യുവജനങ്ങളുടെ രോഷവും സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചെന്ന് വിലയിരുത്തപ്പെടുന്നു.
Source link