ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ വിജയത്തിൽ അഭിനന്ദനമറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇറ്റലിയെയും ഇന്ത്യയെയും ബന്ധിപ്പിച്ചുനിർത്തുന്ന സൗഹൃദം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തുടർന്നും പ്രവർത്തിക്കുമെന്ന് ജോർജിയ എക്‌സിൽ കുറിച്ചു.
‘പുതിയ തിരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. പുതിയ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. ഇന്ത്യയെയും ഇറ്റലിയെയും ബന്ധിപ്പിച്ചുനിർത്തുന്ന സൗഹൃദം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തുടർന്നും പ്രവർത്തിക്കുമെന്നത് ഉറപ്പാണ്. നമ്മുടെ രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി നമ്മെ ബന്ധിപ്പിക്കുന്ന വിവിധ വിഷയങ്ങളിൽ സഹകരണം തുടരും’- പോസ്റ്റിൽ മെലോനി പറഞ്ഞു.
മെലോനിയുടെ വാക്കുകൾക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു. ‘താങ്കളുടെ ആശംസകൾക്ക് നന്ദി. മൂല്യങ്ങളും താൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും’- മോദി എക്‌സിൽ പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി പ്രഞ്ചന്ദ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റാണ് എൻഡിഎ നേടിയത്. എന്നാൽ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപിക്ക് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, ബീഹാർ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ’ഇന്ത്യ’ മുന്നേറ്റമാണ് തിരിച്ചടിയായത്. ഉത്തർപ്രദേശിൽ 62ൽ നിന്ന് 33ലേക്ക് വീണു. വാരാണസിയിൽ നരേന്ദ്രമോദിയുടെയും ലഖ്നൗവിൽ രാജ്നാഥിന്റെയും ഭൂരിപക്ഷം ഇടിഞ്ഞു. വാരാണസിയിൽ മോദിക്ക് 6,12,970 വോട്ടുകളാണ് നേടാനായത്. 1,52,513 വോട്ടിന്റെ ലീഡ് മാത്രമാണ് മോദിക്ക് ഉയർത്താനായത്.
Source link